എല്‍ദോസ് കുന്നപ്പിള്ളില്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി
ബലാല്‍സംഗക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി. രാവിലെ തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ജാമ്യവ്യവസ്ഥയില്‍ കോടതി നല്കിയ നിര്‍ദേശം അനുസരിച്ച് എല്‍ദോസ് ഹാജരായത്. ക്രൈംബ്രാഞ്ച് എല്‍ദോസിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന.
കോടതി മുന്‍കൂര്‍ ജാമ്യം നല്കിയ സാഹചര്യത്തില്‍ എല്‍ദോസിനെ വിട്ടയക്കും. നവംബര്‍ ഒന്നുവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. എല്‍ദോസിനെ വരുന്ന ദിവസങ്ങളിലും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തേക്കും. പരാതിക്കാരിയെ അവഹേളിച്ചതിന് എല്‍ദോസിനെതിരെയും മൂന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
വ്യാഴാഴ്ചയാണ് എല്‍ദോസ് കുന്നപ്പിള്ളിക്ക് തിരുവനന്തപുരം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജാമ്യത്തിനായി പരാതിക്കാരിയുമായുള്ള അടുപ്പം വ്യക്തമാക്കുന്ന വാട്സാപ്പ് ചാറ്റുകള്‍ ഉള്‍പ്പെടെ എംഎല്‍എ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.