രാഹുല്‍ ഗാന്ധിക്കെതിരെ സരിത നായര്‍ നല്കിയ തെരഞ്ഞെടുപ്പു ഹര്‍ജി തള്ളി
രാഹുല്‍ ഗാന്ധിക്കെതിരെ സരിത എസ് നായര്‍ നല്കിയ തെരഞ്ഞെടുപ്പു ഹര്‍ജി സുപ്രീം കോടതി തള്ളി. വയനാട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പു വിജയം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയാണ് തള്ളിയത്. നേരത്തേ എസ് എ ബോബ്ഡെ ചീഫ് ജസ്റ്റിസായിരുന്ന സമയത്ത് ഈ ഹര്‍ജി തള്ളിയിരുന്നതാണ്. പക്ഷേ, സാങ്കേതിക തടസം ചൂണ്ടിക്കാട്ടി സരിത ഹര്‍ജി പുനസ്ഥാപിച്ചിരുന്നു.
അഭിഭാഷകന് നിരന്തരം ഹാജരായില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തേ ഹര്‍ജി തള്ളിയത്. എന്നാല്‍ കോടതി നടപടികളില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കാന്‍ തന്റെ അഭിഭാഷകന് സാങ്കേതിക തടസ്സം നേരിട്ടിരുന്നുവെന്ന് സരിത അറിയിച്ചു. ഇത് അംഗീകരിച്ച കോടതി ഹര്‍ജി മെറിറ്റില്‍ പരിഗണിച്ച ശേഷം തള്ളുകയായിരുന്നു. ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ സരിത നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നെങ്കിലും ക്രിമിനല്‍ കേസില്‍ രണ്ടു വര്‍ഷത്തിലധികം ശിക്ഷ ലഭിച്ചിട്ടുള്ളത് ചൂണ്ടിക്കാട്ടി പത്രിക തള്ളിയിരുന്നു. അമേത്തി മണ്ഡലത്തില്‍ സരിത സമര്‍പ്പിച്ച പത്രിക സ്വീകരിക്കപ്പെടുകയും സരിതയ്ക്ക് അഞ്ഞൂറിലേറെ വോട്ടുകള്‍ ലഭിക്കുകയും ചെയ്തിരുന്നു.