തിരുവനന്തപുരത്ത് പങ്കാളിയെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയ പ്രതി ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍
തിരുവനന്തപുരം വഴയിലയില്‍ ഒപ്പം താമസിച്ചിരുന്ന സ്ത്രീയെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയ പ്രതി തൂങ്ങിമരിച്ച നിലയില്‍. പൂജപ്പുര ജില്ലാ ജയിലിലാണ് പ്രതിയായ രാജേഷ് തൂങ്ങിമരിച്ചത്. രാത്രി രണ്ടു മണിയോടെ ഇയാളെ ശുചിമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
വ്യാഴാഴ്ചയാണ് രാജേഷ് തനിക്കൊപ്പം താമസിച്ചിരുന്ന സിന്ധുവിനെ (50) വഴയിലയില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. തലയ്ക്കും കഴുത്തിനും വെട്ടേറ്റ സിന്ധുവിനെ നാട്ടുകാര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പത്തനംതിട്ട സ്വദേശിയാണ് രാജേഷ്.
ഭാര്യയും മക്കളുമുള്ള രാജേഷ് സിന്ധുവുമായി അടുപ്പം തുടങ്ങിയതോടെ വഴയിലയില്‍ താമസം തുടങ്ങുകയായിരുന്നു. അടുത്തിടെ ഇവര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സിന്ധു തന്റെ സ്വത്തും പണവും തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു രാജേഷ് ആരോപിച്ചത്. ഇതേത്തുടര്‍ന്ന് തൊട്ടടുത്തു തന്നെ മറ്റൊരു വീടെടുത്ത് ഇയാള്‍ താമസം മാറിയിരുന്നു.