പല്ല് ഉന്തിയതെന്ന കാരണം പറഞ്ഞ് ആദിവാസി യുവാവിന് ജോലി നിഷേധിച്ച് പി.എസ്.സി
പല്ല് ഉന്തിയതാണെന്ന കാരണം പറഞ്ഞ് ആദിവാസി യുവാവിന് പി.എസ്.സി ജോലി നിഷേധിച്ചതായി പരാതി. അട്ടപ്പാടി, പുതൂര്‍, ആനവായ് ഊരിലെ മുത്തുവിനാണ് ജോലി നിഷേധിച്ചത്. വനംവകുപ്പ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ നിയമനത്തിനായുള്ള ഇന്റര്‍വ്യൂവിലാണ് മുത്തുവിനെ അയോഗ്യനാക്കിയത്.
പിഎസ്സിയുടെ സ്പെഷല്‍ റിക്രൂട്ട്മെന്റ് വഴി നിയമനത്തിനായുളള എഴുത്തു പരീക്ഷയും കായികക്ഷമതയും മുത്തു പാസായതാണ്. അഭിമുഖത്തിന് മുന്നോടിയായി ശാരീരികക്ഷമത പരിശോധിച്ച ഡോക്ടര്‍ നല്കിയ സര്‍ട്ടിഫിക്കറ്റില്‍ ഉന്തിയ പല്ല് പ്രത്യേകം രേഖപ്പെടുത്തിയിരുന്നു.
ചെറുപ്രായത്തില്‍ വീണതിനെ തുടര്‍ന്നാണ് മുത്തുവിന്റെ പല്ലിന് തകരാര്‍ സംഭവിച്ചത്. ഊരിലെ അസൗകര്യങ്ങളും ദാരിദ്ര്യവും മൂലം ചികിത്സിക്കാനായില്ലെന്ന് മുത്തുവിന്റെ മാതാപിതാക്കള്‍ പറഞ്ഞു.