അനധികൃത പടക്ക നിര്‍മാണം; മൂന്നു പേര് പിടിയില്‍
അനധികൃതമായി പടക്ക നിര്‍മ്മാണം നടത്തിയ മൂന്നു പേരെ പിടികൂടി. ആമ്പല്ലൂര്‍ പാര്‍പ്പാംകോട് തൈക്കൂട്ടത്തില്‍ വീട്ടില്‍ പുരുഷോത്തമന് (63), മുളന്തുരുത്തി പെരുമ്പിള്ളി പേക്കല്‍ വീട്ടില്‍ സാബു മാത്യു (53), പാര്‍പ്പാംകോട് പുലരിക്കുഴിയില് വീട്ടില്‍ സലീഷ് (46) എന്നിവരെയാണ് മുളന്തുരുത്തി പോലീസ് പിടികൂടിയത്. എറണാകുളം റേഞ്ച് ഡി.ഐ.ജി. ഡോ.എ.ശ്രീനിവാസിന്റെയും റൂറല്‍ പോലീസ് മേധാവി വിവേക് കുമാറിന്റെയും നിര്‍ദ്ദേശ പ്രകാരം നടത്തിയ കോമ്പിംഗ് പരിശോധനയിലാണ് സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയത്.
ഇരുന്നുറോളം ഡൈനാമിറ്റുകള്‍, 15 ചാക്ക് കരിമരുന്ന്, ഗന്ധകം, മാലപ്പടക്കം, തിരികള്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. മുളന്തുരുത്തി പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞവര്‍ഷം മെയ് മാസത്തില്‍ തമ്പി എന്നറിയപ്പെടുന്ന പുരുഷോത്തമനെ അനധികൃത പടക്ക നിര്‍മ്മാണത്തിനിടെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് പോലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. 2008ല്‍ ഉദയംപേരൂര്‍ പോലീസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസ് ഉണ്ടായിരുന്നു.
അന്വേഷണ സംഘത്തില്‍ ഇന്‍സ്പെക്ടര്‍ പി.എസ്.ഷിജു, എസ്.ഐ മാരായ എസ്.എന്‍.സുമിത, മോഹനന്, എ.എസ്.ഐ മാരായ സന്തോഷ് കുമാര്‍, കെ.എം.ബിജു, സോജന് കുര്യാക്കോസ്, എസ്.സി.പി.ഒമാരായ അനില്‍കുമാര്‍, വിനോദ്, സന്ദീപ്, ഗിരീഷ്, രാകേഷ്, സന്തോഷ് എന്നിവരാണ് ഉണ്ടായിരുന്നത്.