ബ്രഹ്മപുരത്തെ വിഷപ്പുക; കൊച്ചിയിലും സമീപ പഞ്ചായത്തുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ നിന്ന് വിഷപ്പുക ഉയരുന്ന സാഹചര്യത്തില്‍ സമീപ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഏഴു വരെയുള്ള ക്ലാസുകള്‍ക്കാണ് അവധി. കൊച്ചി കോര്്പറേഷന്, തൃപ്പൂണിത്തുറ, മരട്, തൃക്കാക്കര മുനിസിപ്പാലിറ്റികള്‍, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി പരിധികളിലുമാണ് അവധി ബാധകം. വടവുകോട് പുത്തന്‍കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് എന്നീ പഞ്ചായത്തുകളിലുമാണ് അവധി ബാധകമായിരിക്കുക.
സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും ഡേ കെയറുകള്‍ക്കും അവധിയായിരിക്കും. അതേസമയം, പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മാലിന്യ പ്ലാന്റിലെ പ്ലാസ്റ്റിക് മല കത്തിയതിനെത്തുടര്‍ന്ന് കൊച്ചി നഗരത്തില്‍ പുക നിറഞ്ഞിരുന്നു. പുക പടരാനുള്ള സാധ്യത കണക്കിലെടുത്ത് ബ്രഹ്മപുരത്തും സമീപ പ്രദേശങ്ങളിലും ആളുകള്‍ ഇന്നു വീട്ടില്‍ തന്നെ കഴിയണമെന്നു കലക്ടര്‍ ഡോ. രേണുരാജിന്റെ നിര്‍ദേശവുമുണ്ടായിരുന്നു.
തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ആശുപത്രികളില്‍ പ്രത്യേക തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. വൈകിട്ടോടെ തീ നിയന്ത്രണ വിധേയമാകുമെന്നാണ് ഫയര്‍ ഫോഴ്സ് അറിയിക്കുന്നത്.