മാമുക്കോയയും പോയി; മലയാള സിനിമയില്‍ നിന്ന് ചിരി അന്യംനിന്നു പോകുകയാണോ?
മലയാള സിനിമയെ ഒരു കാലത്ത് മുന്നോട്ടു നയിച്ചിരുന്ന നാട്ടുമ്പുറത്തുകാരായ ചില കഥാപാത്രങ്ങളുണ്ടായിരുന്നു. സത്യന് അന്തിക്കാടിന്റെയും പ്രയദര്ശന്റെയുമൊക്കെ സിനിമകളിലെ സ്ഥിരം സാന്നിധ്യങ്ങളായിരുന്നവര്. ശങ്കരാടി, തിലകന്, ഒടുവില്‍ ഉണ്ണികൃഷ്ണന്, കരമന ജനാര്ദ്ദനന് നായര്‍, ബോബി കൊട്ടാരക്കര, കുതിരവട്ടം പപ്പു, ജഗതി, ഇന്നസെന്റ്, മാമുക്കോയ അങ്ങനെ സിനിമയുടെ ജീവനയായിരുന്ന താരങ്ങള്‍. അവരില്‍ പുതിയ കാല സിനിമയിലും സാന്നിധ്യമറിയിച്ചവരായിരുന്നു ഇന്നസെന്റും മാമുക്കോയയുമൊക്കെയടങ്ങുന്ന ആ തലമുറയിലെ ചില കലാകാരന്മാര്. ഇന്നസെന്റ് പോയി ഒരു മാസം തികയുന്ന ദിവസം മാമുക്കോയയും വിടവാങ്ങിയിരിക്കുന്നു. മലയാള സിനിമയില്‍ നിന്ന് ചിരി അന്യംനിന്നു പോകുകയാണോ?
76 കാരനായ മാമുക്കോയ ഹൃദയാഘാതം, തലച്ചോറിലെ രക്തസ്രാവം എന്നിവയെത്തുടര്‍ന്ന് കോഴിക്കോട് സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. മലപ്പുറം കാളികാവ് പൂങ്ങോടില്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യാന്‍ എത്തിയ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് വണ്ടൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച മുതല്‍ വെന്റിലേറ്ററിലായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്ന് അഞ്ചോടെയാണ് മരണം.
കോഴിക്കോടന്‍ ഭാഷ, മുസ്ലീം സംസാര ശൈലിയില്‍ അവതരിപ്പിച്ചാണ് മാമുക്കോയ ശ്രദ്ധ നേടിയത്. സ്കൂള്‍ പഠന കാലത്തു തന്നെ നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. സ്കൂള്‍ കാലത്തിനു ശേഷം കല്ലായിയില്‍ മരം അളക്കല്‍ ജോലി ചെയ്തു. അതിനിടയിലും നാടകപ്രവര്‍ത്തനം തുടര്‍ന്നു.
സുഹൃത്തുക്കളെല്ലാവരും ചേര്‍ന്ന് ഒരു നാടകം സിനിമയാക്കിയതാണ് ചലച്ചിത്ര രംഗത്തേക്കുള്ള വഴി തുറന്നത്. നിലമ്പൂര്‍ ബാലന് സംവിധായകനായ ‘അന്യരുടെ ഭൂമി’ (1979) എന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. 1982-ല്‍ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകള്‍ എന്ന ചിത്രത്തില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാര്‍ശയില്‍ ഒരു വേഷം ലഭിച്ചു. മമ്മൂട്ടിയെ നായകനാക്കി സാജന് സംവിധാനം ചെയ്ത സ്നേഹമുള്ള സിംഹമായിരുന്നു മൂന്നാമത്തെ ചിത്രം.
വളരെ സ്വഭാവികമായ അഭിനയ ശൈലിയിലൂടെ സിനിമയില്‍ തന്റേതായ ഇടം നേടിയെടുക്കുകയായിരുന്നു മാമുക്കോയ. പിന്നീട് സത്യന് അന്തിക്കാടിന്റെ ഗാന്ധിനഗര്‍, സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവര്ക്ക് സമാധാനം തുടങ്ങിയ ചിത്രങ്ങളിലൂടെ തിരക്കേറിയ നടനായി മാറി. ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിലെ അറബി മുന്‍ഷിയുടെ വേഷം വളരെയേറെ ശ്രദ്ധിക്കപ്പെട്ടു.
നാടോടിക്കാറ്റിലെ ഗഫൂര്‍ക്ക, സന്ദേശത്തിലെ കെ. ജി. പൊതുവാള്, മഴവില്‍ക്കാവടിയിലെ കുഞ്ഞിഖാദര്‍, കണ്‍കെട്ടിലെ കീലേരി അച്ചുവെന്ന റൗഡി, ഡോക്ടര്‍ പശുപതിയിലെ വേലായുധന് കുട്ടി, രാംജിറാവു സ്പീക്കിംഗിലെ ഹംസക്കോയ, ഉസ്ദാത് ഹോട്ടലിലെ ഉമ്മര്‍, പെരുമഴക്കാലത്തിലെ അബ്ദു എന്നു തുടങ്ങി അനവധി കഥാപാത്രങ്ങള്‍.
പെരുമഴക്കാലത്തിലെ അബ്ദു എന്ന കഥാപാത്രത്തിന് 2004 ല്‍ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ പ്രത്യക ജൂറി പരാമര്‍ശം ലഭിച്ചു, ഇന്നത്തെ ചിന്താവിഷയത്തിലെ അഭിനയത്തിന് 2008 ല്‍ മികച്ച ഹാസ്യനടനായി തിരഞ്ഞെടുക്കപ്പെട്ടു.