പത്തനംതിട്ട കവിയൂരില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
പത്തനംതിട്ട, കവിയൂരില്‍ താമസമില്ലാത്ത പുരയിടത്തില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഒരു ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തയ്യില്‍ സ്വദേശി ജോര്‍ജിന്റെ പുരയിടത്തിലാണ് സംഭവം.
രാവിലെ അഞ്ചരയോടെ സമീപവാസിയായ റെനി കരച്ചില് കേട്ട് എത്തിയപ്പോഴാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സമീപവാസികളെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
ജനിച്ചയുടന്‍ തന്നെ കുഞ്ഞിനെ ഉപേക്ഷിച്ചതാകാമെന്ന നിഗമനത്തിലാണ് പോലീസ്. പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റിയതിന്റെ അവശിഷ്ടവും കുഞ്ഞിന്റെ ശരീരത്തിലുണ്ട്.
കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞ് നവജാത ശിശുക്കളുടെ പരിചരണ വിഭാഗത്തിലാണ്. കുഞ്ഞിന്റെ ആരോഗ്യം തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.