എംജി വിസി ഡോ. സാബു തോമസിന് പുനര്‍നിയമനം; വീണ്ടും ഉടക്കിട്ട് ഗവര്‍ണര്‍
എംജി വിസി ഡോ. സാബു തോമസിന് പുനര്‍നിയമനം നല്‍കണമെന്ന നിര്‍ദേശത്തില്‍ ഉടക്കിട്ട് ഗവര്‍ണര്‍. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശത്തോട് ഗവര്‍ണര്‍ക്ക് വിയോജിപ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്. കണ്ണൂര്‍ സര്‍വകലാശാലയില്‍ വിസിക്ക് പുനര്‍നിയമനം നല്കിയതിനെതിരെയുള്ള ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അതുകൊണ്ട് മറ്റൊരു പുനര്‍നിയമനം നടത്തുന്നതില്‍ ഗവര്‍ണര്‍ക്ക് വിയോജിപ്പുണ്ടെന്നാണ് വിവരം.
എംജിയില്‍ സര്‍വകലാശാല നിയമപ്രകാരം പ്രായപരിധി 65 വയസ്സായതിനാല്‍ സാബു തോമസിന് ഒരു ടേം കൂടി അനുവദിക്കുന്നതില്‍ നിയമതടസ്സമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. താല്‍ക്കാലിക വിസിയെ സര്‍ക്കാരിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന്റെ ഭാഗമായി ഗവര്‍ണര്‍ 3 സീനിയര്‍ പ്രഫസര്‍മാരുടെ പാനല്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പാനലില്‍ നിന്നാവും താല്‍ക്കാലിക വിസിയെ നിയമിക്കുക. കുസാറ്റിലും സര്‍ക്കാര്‍ നിര്‍ദേശിച്ച ആള്‍ക്കാണ് വിസിയുടെ ചുമതല നല്‍കിയത്. എംജി വിസി സാബു തോമസ് അധിക ചുമതല വഹിക്കുന്ന മലയാളം സര്‍വകലാശാലയിലും പുതുതായി ഒരു പ്രഫസര്‍ക്ക് ചുമതല നല്‍കേണ്ടിവരും.