വീണ്ടും മിഷന് അരിക്കൊമ്പന്; കമ്പത്ത് നാളെ അരിക്കൊമ്പനെ മയക്കുവെടി വെക്കും
തമിഴ്നാട്ടില്‍ നാളെ വീണ്ടും മിഷന് അരിക്കൊമ്പന്. ഇതിനായി ആനമലയില്‍ നിന്ന് കുങ്കിയാനകള്‍ പുറപ്പെട്ടു. മേഘമല സിസിഎഫിനാണ് ദൗത്യത്തിന്റെ ചുമതല. ഡോ കലൈവാണന്‍, ഡോ പ്രകാശ് എന്നിവരുടെ നേതൃത്വത്തിലായിരിക്കും ദൗത്യം. മൂന്ന് കുങ്കിയാനകളെ ഇതിനായി എത്തിക്കും. ആന ജനവാസ മേഖലയായ കമ്പം ടൗണില്‍ ഇറങ്ങിയതോടെയാണ് മയക്കുവെടി വെക്കാന്‍ തമിഴ്നാട് തീരുമാനിച്ചത്.
ആനയെ പിടികൂടുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിനും വനം മന്ത്രിയും തമ്മില്‍ സംസാരിച്ചു. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ആനയെ മാറ്റണമെന്ന് സ്റ്റാലിന് ആവശ്യപ്പെട്ടിരിക്കുകയാണ്. പിടികൂടുന്ന ആനയെ മേഘമലയിലെ വെള്ളമല, വരശ്നാട് താഴ് വരയിലേക്ക് മാറ്റാനാണ് പദ്ധതി. നാളെ അതിരാവിലെ ദൗത്യം ആരംഭിക്കും. ഇതിനു മുന്നോടിയായി കമ്പത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.