അരിക്കൊമ്പനെ തല്ക്കാലം മയക്കുവെടി വെക്കില്ല; ജനവാസ മേഖലയില്‍ എത്തിയാല്‍ മയക്കുവെടി വെച്ച് പിടികൂടമെന്ന് തമിഴ്നാട് വനംമന്ത്രി
അരിക്കൊമ്പന് ജനവാസ മേഖലയില്‍ എത്തിയാന്‍ മയക്കുവെടിവച്ച് പിടികൂടുമെന്ന് തമിഴ്നാട് വനം മന്ത്രി ഡോ മതിവേന്തന്. ഇന്നലെ രാത്രി ആന വിരണ്ടോടിയത് വാഴത്തോപ്പില്‍ തീയിട്ടത് കൊണ്ടാണ്. അരിക്കൊമ്പനെ പിടിക്കാന്‍ പല സംഘത്തെയും നിയോഗിച്ചിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം 150 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. നിലവില്‍ കൂത്തനാച്ചി വന മേഖലയിലാണ് ആനയുള്ളതെന്നും അദ്ദേഹം പറഞ്ഞു. തല്ക്കാലം മയക്കുവെടി വെക്കേണ്ടതില്ലെന്നാണ് ദൗത്യ സംഘത്തിന്റെ തീരുമാനം.
അരിക്കൊമ്പന്റെ സഞ്ചാര പഥം നിരീഷിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ആനയുടെ സഞ്ചാരപഥം മുഴുവന്‍ സമയവും നിരീക്ഷിക്കുന്നുണ്ട്. ജനവാസ മേഖലയില്‍ എത്തുമ്പോള്‍ ശബ്ദം കേട്ടും മറ്റുമാണ് ആന വിരളുന്നത്. അരിക്കൊമ്പന് ദൗത്യത്തിനായി അഞ്ച് പേര് അടങ്ങുന്ന ഡാര്‍ടിംഗ് സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അരിക്കൊമ്പനെ ജനവാസ മേഖലയില്‍ തിരിച്ചെത്തിയാല്‍ മയക്കു വെടിവച്ചു പിടികൂടുമെന്ന് അദ്ദേഹം പറഞ്ഞു. അല്ലെങ്കില്‍ ഉള്‍വനത്തിലേക്ക് ആനയെ തുരത്തുമെന്നും അദ്ദേഹം പറഞ്ഞു. മേഘമല ഭാഗത്തേക്ക് ആണ് ആന സഞ്ചരിക്കുന്നതെന്ന് പറഞ്ഞു. മുന്‍പ് മയക്കുവെടി വച്ചതിനാല്‍ അത് കൂടി കണക്കില്‍ എടുത്തായിരിക്കും വീണ്ടും മയക്കുവെടി വെക്കുമ്പോള്‍ മരുന്നിന്റെ അളവ് നിര്‍ണയിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്നലെ മുതല്‍ ഭക്ഷണവും വെള്ളവുമില്ലാതെ അലഞ്ഞുതിരിഞ്ഞ അരിക്കൊമ്പന് ക്ഷീണിതനാണെന്നാണ് നിഗമനം. അതിനാല്‍ തന്നെ ഉടനേ ആന ജനവാസ മേഖലയിലേക്ക് തിരികെ വരാന്‍ സാധ്യതയില്ല. കമ്പത്ത് മന്ത്രി വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ആന മേഘമലയിലേക്കാണ് പോകുന്നതെങ്കില്‍ മയക്കുവെടി വെക്കേണ്ടതുണ്ടോയെന്ന കാര്യങ്ങള്‍ പിന്നീടേ തീരുമാനിക്കൂ.