കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിന് തീവെക്കാന്‍ ശ്രമം; മഹാരാഷ്ട്ര സ്വദേശി പിടിയില്‍
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിന് തീവെക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. മഹാരാഷ്ട്ര സ്വദേശിയായ 20 കാരനാണ് പിടിയിലായത്. മംഗളൂരു- കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസിന്റെ കംപാര്‍ട്ട്മെന്റിന് ഉള്ളില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.
കോച്ചിനുള്ളില്‍ ഒട്ടിച്ചിരുന്ന മുന്നറിയിപ്പ് സ്റ്റിക്കര്‍ കീറിയെടുത്ത് അത് കത്തിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ട്രെയിന്‍ ഉച്ചയ്ക്ക് 2.20ഓടെ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവം. ഇയാളെ പോലീസ് ചോദ്യംചെയ്തുവരികയാണ്.
യുവാവിന് മാനസികാസ്വാസ്ഥ്യം ഉള്ളതായാണ് പോലീസ് വ്യക്തമാക്കുന്നത്. കണ്ണൂര്‍-ആലപ്പുഴ അക്സിക്യൂട്ടീവ് എക്സ്പ്രസിന് രണ്ട് മാസംമുമ്പ് ഏലത്തൂരിലും കഴിഞ്ഞദിവസം കണ്ണൂരിലും തീവെച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ സംഭവം.