ഇന്ദിരാ ഗാന്ധി വധം അനുകരിച്ച് ഫ്ളോട്ട്; കാനഡയ്ക്ക് മുന്നറിയിപ്പ് നല്കി വിദേശകാര്യമന്ത്രി
ഇന്ദിരാ ഗാന്ധി വധം അനുകരിക്കുന്ന ഫ്ളോട്ട് ഉപയോഗിച്ച് നടത്തിയ പ്രകടനത്തില്‍ കാനഡയ്ക്ക് മുന്നറിയിപ്പ് നല്കി ഇന്ത്യ. ഇത്തരം പ്രവൃത്തികള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെത്തന്നെ ബാധിക്കുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു. ഇന്ദിരാ ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട ചില വിഷയങ്ങള്‍ ഉള്‍പ്പെടുന്ന പരേഡിന്റെ ദൃശ്യം കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കാനഡയിലെ ബ്രാംപ്ടന്‍ നഗരത്തില്‍ ജൂണ്‍ നാലിനാണ് സംഭവം നടന്നത്.
തീവ്രവാദികള്‍ക്ക് ഇത്തരം പ്രകടനങ്ങള്‍ നടത്താനുള്ള അവസരം നല്കുന്നതില് കൃത്യമായ മറ്റെന്തോ കാരണമുണ്ടാകണം. വോട്ടിന് വേണ്ടിയല്ലാതെ മറ്റെന്തിനാണ് ഇതൊക്കെ ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു. വിഘടനവാദികള്‍ക്കും തീവ്രവാദികള്‍ക്കും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും ഇടം നല്‍കുന്നത് കാനഡയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന് നല്ലതല്ലെന്നും ജയശങ്കര്‍ പറഞ്ഞു.
സംഭവത്തെ അപലപിച്ച് കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. കേന്ദ്രമന്ത്രി ജയശങ്കര്‍ ഇക്കാര്യം കനേഡിയന്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.