കൊല്ലം സുധിയുടെ കുടുംബത്തിന് വീടൊരുങ്ങുന്നു; സ്ഥലം ഇഷ്ടദാനമായി നല്കി ബിഷപ് നോബിള്‍ ഫിലിപ്പ്
വാഹനാപകടത്തില്‍ മരിച്ച ഹാസ്യകലാകാരൻ കൊല്ലം സുധിയുടെ മരണത്തിന്റെ ഞെട്ടലില്‍ നിന്ന് ഇനിയും മലയാളികള്‍ മുക്തരായിട്ടുണ്ടാവില്ല. ജൂണ്‍ അഞ്ചിന് തൃശ്ശൂര്‍ കയ്പമംഗലത്ത് വച്ചുണ്ടായ വാഹനാപകടത്തില്‍ പുലര്‍ച്ചെ നാലരയോടെയാണ് കൊല്ലം സുധി മരിച്ചത്. സുധിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വന്തമായൊരു വീട് എന്നത്. ഇപ്പോഴിതാ കൊല്ലം സുധിയുടെ കുടുംബത്തിന് വീടു വയ്ക്കാൻ സ്ഥലം സൗജന്യമായി നല്‍കിയിരിക്കുകയാണ് ബിഷപ് നോബിള്‍ ഫിലിപ്പ്.
ചങ്ങനാശ്ശേരി മാടപ്പള്ളിയില്‍ ഒരുങ്ങുന്ന വീട്, കേരള ഹോം ഡിസൈൻസ് എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങള്‍ ചേര്‍ന്നാണ് സൗജന്യമായി പണിതു നൽകുന്നത്. സുധിയുടെ രണ്ട് മക്കളായ റിഥുലിന്റെയും രാഹുലിന്റെയും പേരിലാണ് സ്ഥലം റജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. ആംഗ്ലിക്കൻ സഭയുടെ ഡയസിസ് ഓഫ് ട്രാവൻകൂര്‍ ആൻഡ് കൊച്ചിൻ രൂപതയുടെ പതിമൂന്നാമത് മിഷനറി ബിഷപ് ആയി സേവനം ചെയ്യുകയാണ് ഇപ്പോൾ ബിഷപ് നോബിള്‍ ഫിലിപ്പ്.
“എന്റെ കുടുംബസ്വത്തില്‍ നിന്നും ഏറ്റവും മനോഹരമായ സ്ഥലമാണ് സുധിക്കായി നല്‍കിയത്. എന്റെ വീട് പണിയുന്നതും ഇതിനു തൊട്ടരികിലാണ്. രജിസ്ട്രേഷൻ പൂര്‍ണമായും കഴിഞ്ഞു. സുധിയുടെ പ്രിയപ്പെട്ട കുഞ്ഞുങ്ങളുടെ പേരിലാണ് സ്ഥലം ഇഷ്ടദാനമായി നല്‍കിയത്. വീടു പണി ഉടൻ തുടങ്ങും. ബിഷപ് നോബിള്‍ ഫിലിപ്പ് പറഞ്ഞു.
സുധിച്ചേട്ടന്റെ ഏറ്റവും വലിയ ആഗ്രഹമാണ് സഫലമാകുന്നതെന്നും എന്നാല്‍ ഇതൊന്നും കാണാൻ അദ്ദേഹം ഇല്ല എന്നതാണ് വിഷമകരമായ കാര്യമെന്നും സുധിയുടെ ഭാര്യ രേണു പറഞ്ഞു. സുധിച്ചേട്ടന്റെ സാന്നിധ്യം ഇവിടെയുണ്ടെന്നും മരിക്കുന്നതിനു തൊട്ടുമുമ്പും അദ്ദേഹം വീടുവയ്ക്കുന്ന കാര്യമാണ് പറഞ്ഞിരുന്നതെന്നും രേണു പറയുന്നു.