ഡോക്ടര്‍ ദമ്പതിമാർ വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍
ദമ്പതികളായ ഡോക്ടര്‍മാരെ വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തി. പന്തളം കുന്നുകുഴി ആര്.ആര് ക്ലിനിക് ഉടമ ഡോ.മണിമാരൻ (63), ഭാര്യ പന്തളം അപ്പോളോ ആശുപത്രി ഉടമ ഡോ. കൃഷ്ണവേണി (58) എന്നിവരാണ് അമിതമായി മരുന്ന് ഉപയോഗിച്ച് അവശനിലയില്‍ വീട്ടില്‍ കാണപ്പെട്ടത്.
വെള്ളിയാഴ്ച രാവിലെ 9.30ഓടെ ആശുപത്രി ജീവനക്കാര്‍ വീട്ടിലെത്തി ഇരുവരെയും വിളിച്ചപ്പോള്‍ പ്രതികരണം ഇല്ലാത്തതിനെത്തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. പന്തളം പൊലീസ് എത്തി അവശനിലയില്‍ കണ്ട ഇരുവരെയും പന്തളം സി.എം ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇരുവരും അപകടനില തരണം ചെയ്തിട്ടില്ല. സുഹൃത്തുക്കളും മകനും ഉള്‍പ്പെടെ പത്തോളം പേര്‍ക്ക് കത്തെഴുതി വെച്ചശേഷമാണ് ഇരുവരും ജീവനൊടുക്കാൻ ശ്രമിച്ചത്. ആത്മഹത്യ ശ്രമത്തിന്റെ കാരണം വ്യക്തമല്ല. ഡോക്ടര്‍മാര്‍ എഴുതിയ കത്തില്‍ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും മൃതദേഹം തമിഴ്നാട്ടില്‍ അടക്കം ചെയ്യണമെന്നുമാണ് പറയുന്നത്.
വ്യാഴാഴ്ച രാത്രി ക്ലിനിക്കില്‍ എത്തിയ ഡോ. മണിമാരൻ ഐ.എം.എയുടെ സംഘടനാകാര്യങ്ങള്‍ ഉള്‍പ്പെടുന്ന ഫയലുകളും മറ്റും ആശുപത്രിയില്‍നിന്ന് മാറ്റിയിരുന്നു. കുന്നുകുഴി ജങ്ഷനിലെ ക്ലിനിക്കിന് സമീപത്താണ് ഇവരുടെ വീട്. പന്തളം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.