പതിനൊന്നുകാരായ ആണ്‍കുട്ടികള്‍ക്ക് നേരേ ലൈംഗികാതിക്രമം; പ്രതി പിടിയില്‍
ബാര്‍ബര്‍ ഷോപ്പിലെത്തിയ 11 വയസ്സുള്ള ആണ്‍കുട്ടികള്‍ക്കുനേരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ നെയ്യാറ്റിൻകര മണലൂര്‍ മേലേ പുത്തൻവീട്ടില്‍ ചന്ദ്രനെ (62) മലയാലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉച്ചയ്ക്ക് 12 മണിയോടെ കുട്ടികള്‍ മലയാലപ്പുഴ മുക്കുഴിയിലെ ബാര്‍ബര്‍ ഷോപ്പില്‍ മുടി വെട്ടിക്കാൻ എത്തിയപ്പോഴാണ് പ്രതി ലൈംഗികാതിക്രമം കാട്ടിയത്. കുട്ടിയെ വിവസ്ത്രരാക്കിയശേഷം ലൈംഗികാതിക്രമം കാട്ടുകയായിരുന്നു. വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇന്നലെ പൊലീസ് സ്റ്റേഷനില്‍ വിവരം അറിഞ്ഞയുടൻ തന്നെ, വനിതാ പൊലീസ് വീടുകളിലെത്തി കുട്ടികളുടെ വിശദമായ മൊഴികള്‍ രേഖപ്പെടുത്തി. തുടര്‍ന്ന് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനും, ഭീഷണിപ്പെടുത്തലിനും പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരവും രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത്, എസ് ഐ കിരണ്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു. പ്രതിയെ ഉടനടി അറസ്റ്റ് ചെയ്യുകയും ചെയ്തു. മുക്കുഴിയില്‍ നിന്നും ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു. തുടര്‍ന്ന് വൈകിട്ട് 5 മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.