വെള്ളച്ചാട്ടത്തിലിറങ്ങിയ സ്ത്രീകളെ കടന്നുപിടിച്ച സംഭവം; പൊലീസുകാരന് അറസ്റ്റില്‍
വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളോട് അപമര്യാദമായി പെരുമാറിയ സംഭവത്തില്‍ പൊലീസുകാരൻ അറസ്റ്റില്‍. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ പരീത് ആണ് അറസ്റ്റിലായത്. പിറവം അരീക്കല്‍ വെള്ളച്ചാട്ടത്തില്‍ ഇന്നലെയായിരുന്നു സംഭവം നടന്നത്.
മഫ്തിയിലായിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ വെള്ളച്ചാട്ടത്തിലിറങ്ങിയ സ്ത്രീകളെ കടന്നുപിടിച്ചതായാണ് പരാതി. പരീത്, ബൈജു എന്നീ പൊലീസുകാരാണ് സ്ത്രീകളോട് മോശമായി പെരുമാറിയത്. തുടര്‍ന്ന് വിനോദസഞ്ചാര കേന്ദ്രത്തിലുണ്ടായിരുന്നവര്‍ ഇരുവരേയും തടഞ്ഞു വെയ്ക്കുകയായിരുന്നു. തുടര്‍ന്ന് രാമമംഗലം പൊലീസ് സ്ഥലത്ത് എത്തി ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തു. ഇതിനെത്തുടര്‍ന്നാണ് ഇന്ന് രാവിലെ പരീതിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പൊലീസുകാരനെ ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം. ഉദ്യോഗസ്ഥര്‍ മണിക്കൂറുകള്‍ കസ്റ്റഡിയില്‍ തുടര്‍ന്നിട്ടും വൈദ്യ പരിശോധന അടക്കമുള്ള തുടര്‍നടപടികള്‍ പൊലീസ് വൈകിക്കുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്.