പുതുപ്പള്ളി: മുഖ്യമന്ത്രി ഇന്നെത്തും, രണ്ടിടത്ത് പൊതുയോഗങ്ങള്‍
കനത്ത ചൂടിനൊപ്പം പുതുപ്പള്ളിയിലെ പോരാട്ടച്ചൂടും കനക്കുകയാണ്. ഇരുമുന്നണികളും ബിജെപിയും പരമാവധി നേതാക്കളെ പുതുപ്പള്ളിയിലിറക്കി വോട്ട് ശേഖരിക്കാനുള്ള കഠിനപരിശ്രമത്തിലാണ്. ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പ്രചാരണത്തിനായി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെത്തും.
ഇന്നെത്തുന്ന മുഖ്യമന്ത്രി വൈകുന്നേരം നാലിന് പുതുപ്പള്ളിയിലും അഞ്ചരയ്ക്ക് അയര്‍ക്കുന്നത്തും പ്രസംഗിക്കും. നിരവധി വിഷയങ്ങള്‍ മുഖ്യമന്ത്രിക്കു മുന്നില്‍ പ്രതിപക്ഷം നിരത്തുന്നുണ്ടെങ്കിലും മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി മൗനം വെടിയുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. യോഗങ്ങളില്‍ മന്ത്രിമാര്‍ അടക്കം പ്രമുഖ എല്‍ഡിഎഫ് നേതാക്കളും പങ്കെടുക്കും.
യുഡിഎഫിന്റെ നേതാക്കളെല്ലാം പുതുപ്പള്ളിയില്‍ കേന്ദ്രീകരിച്ചിട്ടുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ വിജയത്തിനായി പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ. സുധാകരനും എല്ലാം ക്രമീകരിച്ചുകൊണ്ട് മുന്നില്‍നിന്നു നയിക്കുന്നു. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ മുഖ്യമന്ത്രിക്കു മുന്നേ പുതുപ്പള്ളിയില്‍ ഇറങ്ങികഴിഞ്ഞു.
പ്രചാരണം വിലയിരുത്താൻ രാവിലെ കോട്ടയത്ത് ഇടതുമുന്നണി യോഗം ചേരുന്നുണ്ട്. മൂന്നു മുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ വാഹന പര്യടനം തുടരും.