അലറി വിളിച്ചും പോത്തിൻറെ പുറത്തേറി വന്നും സംഗീതനിശകളെ ആഘോഷമാക്കിയ താരം; ഫ്രഡി മെർക്കുറി എന്ന ഫറൂഖ് ബുൽസാര..
ഫറോഖ് ബുൽസാര ആരാണ് എന്നു ചോദിച്ചാൽ, അറിയുന്നവർ കുറവായിരിക്കും. എന്നാൽ ഫ്രഡി മെർക്കുറി ലോകം അറിയുന്ന ഒരാൾ ആണ്. ലോകം കണ്ട എക്കാലത്തേയും മികച്ച റോക്ക് സംഗീതജ്ഞരിൽ ഒരാളും സ്റ്റേജ് സിംഗറുമായിരുന്ന ആ ഫ്രെഡി മെര്‍ക്കുറിയ്ക്ക് മാതാപിതാക്കൾ നൽകിയ പേരാണ് ഫറോഖ് ബുൽസാര. എന്നാൽ ആ പേര് ചരിത്രമായത് ഫ്രഡി മെർക്കുറിയിലേക്കുള്ള മാറ്റത്തിലൂടെയാണ്. ബ്രിട്ടീഷ് റോക്ക് ആൻഡ് റോൾ സംഗീതത്തിലെ എക്കാലത്തേയും വലിയ താരസാന്നിധ്യമായിരുന്നു ഫ്രഡി മെർക്കുറി. ഗായകനായും സംഗീത സംവിധായകനായും നിർമ്മാതാവായും പിയാനിസ്റ്റായും ഫ്രഡിയെന്ന ഗായകനും അദ്ദേഹത്തിന്റെ ‘ക്വീൻ’ എന്ന ബാൻഡും ഒരുകാലത്ത് സംഗീത ലോകത്തെ ഇളക്കി മറിച്ചിരുന്നു.
അലറിയും കൂക്കി വിളിച്ചും ശ്രോതാക്കളെ കൂടെ പാടിച്ചും, വസ്ത്രങ്ങളുരിഞ്ഞെറിഞ്ഞും വേദിയിലേക്കു പോത്തിന്റെ പുറത്തു കയറി വന്നും ഓരോ സംഗീത നിശകളെയും അയാൾ ഉത്സവ തുല്യമാക്കിയിരുന്നു.
1946സെപ്റ്റംബർ 5 ന്, സാൻസിബാറിൽ താമസമാക്കിയ ഒരു ഗുജറാത്തി പാഴ്സി കുടുംബത്തിലാണ് ഫറോഖ് ബുൽസാര എന്ന ഫ്രഡി മെർക്കുറിയുടെ ജനനം. ബ്രട്ടീഷ് ഭരണകൂടത്തിൽ ഉദ്യോഗസ്ഥനായിരുന്നു പിതാവ്. 1964 ൽ സാൻസിബാർ സ്വതന്ത്ര രാജ്യമായ ടാൻസാനിയയുടെ ഭാഗമായപ്പോൾ കുടുംബം ഇംഗ്ലണ്ടിലെ ഫെൽത്തമിലേക്ക് താമസം മാറ്റി. മകനെ മാതൃരാജ്യത്തു പഠിപ്പിക്കണം എന്നായിരുന്നു പിതാവിന്റെ ആഗ്രഹം. അങ്ങനെ എട്ടാം വയസ്സിൽ ഫ്രഡിയെ മുംബൈ പഞ്ച്ഗണിയിലെ ഒരു ബോർഡിങ് സ്കൂളിൽ ചേർത്തു. എന്നാൽ ഫ്രഡിയുടെ മനസ്സിൽ അപ്പോളും സംഗീതമായിരുന്നു. എത്ര ബുദ്ധിമുട്ടുള്ള സംഗീതവും ഒരിക്കൽ കേട്ടാൽ പിയാനോയിൽ ഫ്രഡി അത് മീട്ടുമായിരുന്നു. സ്കൂളിൽ ‘ഹെക്ടിക്സ്’ എന്ന പേരിൽ ഒരു മികച്ച ബാൻഡും ഫ്രഡിയുണ്ടാക്കി. പാശ്ചാത്യ സംഗീതം ഭ്രാന്തമായി ആവേശിച്ച ഫ്രഡി 17 വയസ്സിൽ മാതാപിതാക്കളുടെ അടുക്കലേക്കു മടങ്ങിപ്പോയി. ബിരുദം നേടിയ ശേഷം ലണ്ടനിലെ ബാൻഡുകളിൽ പാടാന്‍ തുടങ്ങിയ ഫ്രെഡി, ഏറെത്താമസിക്കാതെ പ്രശസ്തനായി. അതിനിടെ പേര് ഫ്രെഡി എന്നാക്കിയ ഫറോഖ് ബുൽസാര, ക്വീൻ എന്ന ബാൻഡും രൂപീകരിച്ചു. 1980 കളുടെ തുടക്കത്തോടെ ‘ക്വീൻ’ ലോകപ്രശസ്തമായി.
എന്നാൽ അദ്ദേഹത്തിന്റെ വ്യക്തി ജീവിതം താളം തെറ്റിപ്പോയ ഒരു ദുരന്തഗീതം ആയിരുന്നു. ‘എനിക്ക് റോക്സ്റ്റാര്‍ ആകണ്ട, ഇതിഹാസമാകണം’ എന്നു പറഞ്ഞ ഫ്രഡി തീർത്തും കുത്തഴിഞ്ഞ സ്വകാര്യ ജീവിതമാണ് നയിച്ചത്. സ്ത്രീകൾക്കൊപ്പം തന്നെ, പുരുഷൻമാരും അദ്ദേഹത്തിന്റെ ദൗർബല്യമായിരുന്നു. താനൊരു സ്വവര്‍ഗാ അനുരാഗിയാണെന്ന് വ്യക്തമാക്കിയ ഫ്രഡി,1991 ൽ 45 വയസുള്ളപ്പോൾ, താനൊരു എയ്ഡ്സ് രോഗിയാണെന്നും തുറന്നു പറഞ്ഞു. ആ വെളിപ്പെടുത്തലിനു ശേഷം 24 മണിക്കൂറിനുള്ളിൽ ഫ്രഡി മരണത്തിനു കീഴടങ്ങി. 1991നവംബർ 24 നായിരുന്നു ആ വിശ്വഗായകന്റെ ദുരന്ത പൂർണ്ണമായ അവസാനം.
ബ്രട്ടീഷ് സർക്കാരിന്റെയും ലോക സംഗീത സംഘടനകളുടെയും മിക്ക പുരസ്ക്കാരങ്ങളും മരണാനന്തര ബഹുമതികളായി അദ്ദേഹത്തിനു ലഭിച്ചു. ഫെയിം ഹാളുകളിൽ അദ്ദേഹത്തിന്റെ ചിത്രം സ്ഥാപിച്ചു. ബി.ബി.സി തിരഞ്ഞെടുത്ത മഹാൻമാരായ 100 ബ്രട്ടീഷുകാരുടെ പട്ടികയിൽ 52 ആം സ്ഥാനത്ത് ഫ്രഡിയുണ്ട് .
ഫ്രഡിയുടെ ജീവിതകഥ പറഞ്ഞ സിനിമയാണ് 2018 ൽ ഇറങ്ങിയ ‘ബൊഹേമിയന്‍ റഫ്സോഡി’. ഫ്രഡിയുടെ ഒരു പ്രശസ്ത ഗാനത്തിന്റെ പേരാണ് ഈ സിനിമയ്ക്കും ഉപയോഗിച്ചിരിക്കുന്നത്. റാമി മലേകാണ് ഫ്രഡിയുടെ വേഷത്തിൽ സിനിമയിലെത്തിയത്. ‘ക്വീനി’ന്റെ ഫെയ്സ്ബുക്ക് പേജില്‍ ‘ബൊഹേമിയന്‍ റഫ്സോഡി’ യുടെ ടീസര്‍ റിലീസ് ചെയ്തപ്പോഴേ ചിത്രം ലോകമെങ്ങും ശ്രദ്ധ നേടിയിരുന്നു. സവിശേഷതകൾ നിറഞ്ഞ ഇതിഹാസ തുല്യനായ ഒരു ഗായകന്റെ ജീവിതം പറയുന്ന സിനിമ വലിയ വിജയം തന്നെയായിരുന്നു. 911 മില്യൻ ഡോളർ ആണ് സിനിമ നേടിയത്. നിർമാണച്ചെലവ് 52 മില്യനും.
കുത്തഴിഞ്ഞ ജീവിതശൈലി കൊണ്ട് 45 ആം വയസ്സിൽ ലോകത്തോട് വിട പറയേണ്ടി വന്ന ഫറോഖ് ബുൽസാര എന്ന ഫ്രെഡി മെർക്കുറി ഇപ്പോളും സംഗീതലോകത്ത് അനശ്വരനായി തുടരുന്നു.