ഉത്തരാഖണ്ഡില്‍ എടിഎം മെഷീന് മുറിച്ച് കടത്തി; മോഷണ സംഘം കവര്‍ന്നത് ലക്ഷങ്ങള്‍
എടിഎം മെഷീന് കുത്തിത്തുറന്ന് മോഷണം നടത്തിയെന്നുള്ള വാര്‍ത്തകള്‍ ഇപ്പോൾ പതിവാണ്. എന്നാലിതാ എടിഎം മെഷീന് തന്നെ എടുത്തുകൊണ്ട് പോയ ഒരു സംഘത്തെക്കുറിച്ചുള്ള വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് സംഭവം. മോഷണത്തിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചാണ് എടിഎം മെഷീന്റെ ഭാഗങ്ങള്‍ കടത്തിയിരിക്കുന്നത്.
മുഖംമൂടിയും ഷാളും ധരിച്ച ഒരാള്‍ എടിഎം മെഷീന്റെ ഒരു ഭാഗവുമായി ഓടുകയും പിന്നാലെ രണ്ട് പേര് കൂടെ ഓടിയെത്തുകയുമായിരുന്നു. കിയോസ്കില്‍ നിന്ന് മുറിച്ചെടുത്ത ഭാഗങ്ങള്‍ കാറിലേക്കാണ് സംഘം കയറ്റിയത്. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടങ്ങിയെന്നും എത്രയും വേഗം മോഷ്ടാക്കളെ പിടികൂടുമെന്നും എസ് പി അറിയിച്ചു.