പകൽ ചുട്ടുപൊള്ളും, രാത്രിയിൽ പേമാരി; സംസ്ഥാനത്ത് വിചിത്ര കാലാവസ്ഥ
പകൽ ചുട്ടുപൊള്ളുന്ന ചൂട്, രാത്രിയിൽ പേടിപ്പെടുത്തുന്ന ഇടിമിന്നലോടെ പേമാരി, കേരളത്തിൽ വരുംദിവസങ്ങളിൽ കാലാവസ്ഥ വില്ലനാകും. തുലാവർഷം കലിതുള്ളുന്നതിനൊപ്പം സംസ്ഥാനത്ത് പകൽ താപനിലയും കുതിച്ചുയരുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ ഇരട്ട മുന്നറിയിപ്പ് ജനങ്ങളെ ആശങ്കയിലാക്കുന്നു. നാളെയോടെ തെക്കൻ കേരളത്തിൽ മഴ കൂടുതൽ ശക്തമാകുമെന്നാണ് വിലയിരുത്തൽ. ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായും അധികൃതർ വ്യക്തമാക്കി.
കണ്ണൂർ, വയനാട്, മലപ്പുറം, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. ഉച്ചയ്ക്ക് ശേഷമാണ് തുലാവർഷം കൂടുതൽ ശക്തമാകുക. ഇതിനൊപ്പം പകൽ സമയങ്ങളിൽ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുമെന്നും കാലാവസ്ഥ വകുപ്പിൻ്റെ ഔദ്യോഗിക മുന്നറിയിപ്പുണ്ട്. ഉയർന്ന അന്തരീക്ഷ ഈർപ്പവും എൽനിനോ പ്രതിഭാസവും കാരണം പകൽ താപനില സാധാരണയേക്കാൾ രണ്ട് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം.












