സുവര്‍ണകിരീടം കണ്ണൂരിന്
കലാമഹോത്സവത്തിന് തിരിതാണപ്പോള് കലാകിരീടം കണ്ണൂരിലേക്ക്. 62ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലക്കുള്ള സ്വര്‍ണക്കപ്പ് കണ്ണൂര്‍ സ്വന്തമാക്കി. 952 പോയിന്റ് നേടിയാണ് കണ്ണൂര്‍ ജേതാക്കളായത്.
സമാപനദിനമായ ഇന്ന് രാവിലെ മുതല്‍ മുന്നിട്ടുനിന്ന കോഴിക്കോടിന് പിന്നിലാക്കിയാണ് കണ്ണൂരിന്റെ കുതിപ്പ്. കോഴിക്കോടിന് 949ഉം മൂന്നാമതുള്ള പാലക്കാടിന് 938 പോയിന്റുമാണുള്ളത്. കണ്ണൂരിന്റെ നാലാം കിരീടമാണിത്. തൃശൂര്‍ 925, മലപ്പുറം 913, കൊല്ലം 910, എറണാകുളം 899, തിരുവനന്തപുരം 870, ആലപ്പുഴ 852, കാസര്‍കോട് 846, കോട്ടയം 837, വയനാട് 813, പത്തനംതിട്ട 774, ഇടുക്കി 730 എന്നിങ്ങനെയാണ് പോയിന്റ് നില.
445 പോയിന്റുമായി ഹൈസ്കൂള്‍ വിഭാഗത്തിലും 507 പോയിന്റുമായി ഹയര്‍ സെക്കൻഡറി വിഭാഗത്തിലും കണ്ണൂര്‍ ജില്ലയാണ് മുന്നില്‍. കൊല്ലം നഗരത്തിലെ 24 വേദികളിലായി അഞ്ച് ദിവസം നീണ്ടുനിന്ന കലാമേളയുടെ സമാപന സമ്മേളനം ആരംഭിച്ചിരിക്കുകയാണ്. എച്ച്.എസ്, എച്ച്.എസ്.എസ് ജനറല്‍, എച്ച്.എസ് സംസ്കൃതം, അറബിക് വിഭാഗങ്ങളില്‍ ആകെ 239 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. 10,000ലേറെ വിദ്യാര്‍ഥികളാണ് കലോത്സവത്തില്‍ മത്സരാര്‍ഥികളായി പങ്കെടുത്തത്