ബംഗളൂരുവിലെ ട്രെയിനിനുള്ളില്‍ 45 വയസ് തോന്നിക്കുന്ന അജ്ഞാതന്റെ മൃതദേഹം; പോക്കറ്റില്‍ തൃശൂരില്‍ നിന്ന് യാത്ര ചെയ്ത ടിക്കറ്റ്
ട്രെയിനിനുള്ളിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കര്‍ണാടകയിലെ ബയപ്പനഹള്ളിയില്‍ സര് എം വിശ്വേശ്വരയ്യ റെയില്‍വേ ടെര്‍മിനലില്‍ നിന്നാണ് 45 വയസ് തോന്നിക്കുന്നയാളുടെ അജ്ഞാത മൃതദേഹം കണ്ടെത്തിയത്.
മൈസൂരുവില്‍ നിന്ന് കാരയ്ക്കലിലേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ കമ്ബാര്‍ട്ട്മെന്റിലായിരുന്നു മൃതദേഹം. മൈസൂരു – കാരയ്ക്കല്‍ എക്സ്പ്രസ് പൂര്‍ണമായും റിസര്‍വ് ചെയ്യാത്ത ട്രെയിനാണ്. ഈ ട്രെയിൻ മൈസൂരുവില്‍ നിന്ന് പുലര്‍ച്ചെ രണ്ടിന് ബം
ഗളൂരുവിലെത്തി ടെര്‍മിനലിന്റെ അഞ്ചാം നമ്ബര്‍ പ്ലാറ്റ്ഫോമില്‍ നിര്‍ത്തിയിരിക്കുകയായിരുന്നു. രാവിലെ ഏഴ് മണിയോടെ ഒരു യാത്രക്കാരൻ ട്രെയിനില്‍ കയറിയപ്പോഴാണ് ഫാനില്‍ തൂങ്ങി നില്ക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്. പിന്നാലെ റെയില്‍വേ ജീവനക്കാരെ വിവരം അറിയിച്ചു. തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. ഇതിന് പിന്നാലെ ട്രെയിനില്‍ നിന്നും ഈ കമ്ബാര്‍ട്ട്മെന്റ് വേര്‍പെടുത്തി. ഇക്കാരണത്താല്‍ മൂന്ന് മണിക്കൂര്‍ വൈകിയാണ് യാത്ര തുടര്‍ന്നത്.
പുലര്‍ച്ചെ മൂന്നിനും മൂന്നരയ്ക്കും ഇടയില്‍ കമ്ബാര്‍ട്ട്മെന്റ് പൂര്‍ണമായും ഒഴിഞ്ഞ സമയത്താണ് ഇയാള്‍ മരിച്ചതെന്നാണ് നിഗമനം. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളുടെ വസ്ത്രത്തിന്റെ പോക്കറ്റില്‍ നിന്ന് ജനുവരി 16ന് തൃശൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് യാത്ര ചെയ്തതിന്റെ ടിക്കറ്റും കണ്ടെടുത്തു.