ഇതു സ്റ്റാലിന്റെ റഷ്യയല്ല, ജനാധിപത്യ കേരളമാണ്: സതീശൻ
മുഖ്യമന്ത്രിയുടെ കൂടെ നടക്കുന്നവർ ഈ നാട്ടിലെ നിയമം അനുസരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ ഇടവുംവലവും നില്ക്കുന്ന ഗണ്മാൻമാർ പോലീസ് സ്റ്റേഷനില്‍ നിന്ന് വിളിച്ചിട്ട് പോകുന്നില്ല. പിന്നെ ഈ നാട്ടില്‍ ആര് പോലീസ് സ്റ്റേഷനില്‍ പോകുമെന്നും ആരു നിയമം അനുസരിക്കുമെന്നും അദ്ദേഹം ചോദിച്ചു. നിയമസഭയില്‍ നന്ദി പ്രമേയ ചർച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവൻ രക്ഷാപ്രവർത്തനം എന്ന വാക്ക് ഉപയോഗിച്ചതോടെ മുഖ്യമന്ത്രി വല്ലാതെ ചെറുതായി. പ്രതിഷേധക്കാരെ തല്ലിയതിനെ മുഖ്യമന്ത്രി ന്യായീകരിച്ചു. ഗണ്മാന് തല്ലാൻ ആരാണ് അധികാരം നല്‍കിയത്? ഇത് സ്റ്റാലിന്റെ റഷ്യയല്ല, ഇത് ജനാധിപത്യ കേരളമാണെന്നും വി.ഡി. സതീശൻ പറഞ്ഞു.
ഭരണത്തെ അനാഥമാക്കിയാണ് നവകേരള സദസ് സംഘടിപ്പിച്ചത്. സർക്കാറിന്റെ ചെലവില്‍ പോയിട്ടല്ല പ്രതിപക്ഷത്തെ വിമർശിക്കേണ്ടത്. ആളുകളെ വിരട്ടിയാണ് നിങ്ങള്‍ സദസില്‍ എത്തിച്ചത്. നവകേരള സദസില്‍ പങ്കെടുത്ത 70 ശതമാനം പേരും തങ്ങള്‍ക്ക് വോട്ട് ചെയ്യുമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.