മധ്യപ്രദേശില്‍ വാഹനാപകടം: 14 പേര് മരിച്ചു, 21 പേര്‍ക്ക് പരിക്ക്
മധ്യപ്രദേശില്‍ പിക്കപ്പ് വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് 14 പേർ മരിച്ചു. 21 പേർക്ക് പരിക്കേറ്റു. ദിൻഡോരി ജില്ലയിലെ ബദ്ജർ ഗ്രാമത്തിന് സമീപം വ്യാഴാഴ്ച പുലർച്ചെ 1.30 ഓടെയാണ് അപകടം. ദേവാരി ഗ്രാമത്തില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗ്രാമീണർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
നാട്ടുകാരും പോലീസും ചേർന്ന് പരിക്കേറ്റവരെ സമീപത്തെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെൻ്ററില്‍ എത്തിച്ചു. ഡിൻഡോരി കളക്ടർ വികാസ് മിശ്രയും പോലീസ് സൂപ്രണ്ടും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്കി.
സംഭവത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് അനുശോചനം രേഖപ്പെടുത്തുകയും മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.