പൈസയില്ലാതെ നട്ടംതിരിഞ്ഞ് പാകിസ്ഥാൻ; പുതിയ ഉത്തരവിറക്കി പ്രധാനമന്ത്രി
കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്നതിനിടെ ചെലവുകള്‍ വെട്ടിച്ചുരുക്കാൻ പുതിയ നിർദേശവുമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്.
സർക്കാരിന്റെ പരിപാടികള്‍ക്ക് ചുവന്ന പരവതാനികള്‍ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി. വിദേശ നയതന്ത്രജ്ഞർ സന്ദർശനത്തിനെത്തുന്ന പരിപാടികളില്‍ മാത്രം ഇവ ഉപയോഗിക്കാനാണ് നിർദേശം. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം ചുവന്ന പരവതാനികള്‍ ഉപയോഗിക്കുന്നതിന് നിരോധനമേർപ്പെടുത്തിയതായി ക്യാബിനറ്റ് അറിയിച്ചു.
സർക്കാർ പരിപാടികളില്‍ കേന്ദ്രമന്ത്രിമാരുടെയും മുതിർന്ന അധികാരികളുടെയും സന്ദർശന വേളയില്‍ ചുവന്ന പരവതാനി ഉപയോഗിക്കുന്നതില്‍ പ്രധാനമന്ത്രി അതൃപ്തി വ്യക്തമാക്കിയിരുന്നു. രാജ്യത്ത് അനാവശ്യമായ ചെലവുകള്‍ വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിർദേശമെന്നാണ് വിലയിരുത്തല്‍. ചുവന്ന പരവതാനികള്‍ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തുന്നതോടെ അനേകം ഫണ്ടുകള്‍ ലാഭിക്കാനാകുമെന്നാണ് ക്യാബിനറ്റിന്റെ കണക്ക് കൂട്ടല്‍.