ട്രക്കുമായി കൂട്ടിയിടിച്ച് ബസ് മറിഞ്ഞു; തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന 21 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്
മധ്യപ്രദേശിലെ ബേതുല്‍ ജില്ലയില്‍ ബസ് ട്രക്കില്‍ ഇടിച്ച് 21 ഹോം ഗാർഡുകള്‍ക്കും പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പ് നടന്ന ചിന്ദ്വാര ജില്ലയില്‍ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ് അപകടത്തില്‍ പെട്ടത്.
ബസ് ട്രക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയില്‍ നിന്ന് വന്ന മറ്റൊരു ട്രക്കില്‍ ഇടിക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. തുടർന്ന് ബേതൂലിലെ ബരേത ഘട്ടിന് സമീപം ദേശീയ പാത 47-ലെ കുഴിയിലേക്ക് മറിയുകയായിരുന്നു. അപകടവിവരം ലഭിച്ചയുടൻ ലോക്കല്‍ പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചിന്ദ്വാരയില് നിന്ന് രാജ്ഗഢിലേക്ക് പോകുകയായിരുന്ന ബസില്‍ 39 ഹോം ഗാർഡ് സൈനികരും മധ്യപ്രദേശിലെ അഞ്ച് പൊലീസുകാരും ഉള്‍പ്പെടെ 44 പേർ ഉണ്ടായിരുന്നു. അപകടത്തില്‍ 21 പേർക്ക് പരിക്കേറ്റു, 12 പേരെ നിസാര പരിക്കുകളോടെ ഷാഹ്പൂർ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെൻ്ററിലും ഗുരുതരമായി പരിക്കേറ്റ ഒമ്ബത് പേരെ ബെതുല്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിലേക്ക് നയിച്ച സാഹചര്യം അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.