രാഹുല്‍ നിര്‍ണായക ഘട്ടത്തില്‍ നേതൃസ്ഥാനം ഉപേക്ഷിച്ചയാള്‍; ഉത്തരേന്ത്യയില്‍നിന്ന് ഒളിച്ചോടി-പിണറായി
രാഹുല്‍ഗാന്ധിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും രംഗത്തെത്തി. രാഹുല്‍ നിർണായക ഘട്ടത്തില്‍ പാർട്ടിയുടെ നേതൃസ്ഥാനം വലിച്ചറിഞ്ഞുവന്നയാളാണെന്നും ഉത്തരേന്ത്യയില്‍നിന്ന് ഒളിച്ചോടി വന്ന് മത്സരിക്കുന്നുവെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി കേരളത്തില്‍ വന്ന് മത്സരിച്ചപ്പോള്‍ ചില തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കാൻ അന്ന് കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു. പക്ഷെ ജനങ്ങള്‍ക്ക് അതിന്റെ യഥാർഥ സ്ഥിതി പെട്ടെന്ന് തന്നെ തിരിച്ചറിയാനായി. അതുകൊണ്ടാണ് തുടർന്നു നടന്ന ഒരു തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് പച്ചപിടിക്കാതെ പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഞ്ചുവർഷത്തിന് ശേഷം അതേ വീഞ്ഞ് പുതിയ കുപ്പിയിലൊഴിച്ച് പരീക്ഷിക്കുകയാണ്. സ്വന്തം പാർട്ടിയുടെ നേതൃ സ്ഥാനത്ത് നിന്ന് നിർണായക ഘട്ടത്തില്‍ ഒളിച്ചോടിയെ നേതാവണ് രാഹുല്‍ ഗാന്ധി. ആ പേരുദോഷം മാറ്റി രാജ്യത്തെ നയിക്കാൻ പ്രാപ്തിയുള്ള നേതാവെന്ന നിലയില്‍ വളർന്ന് വരാൻ രാഹുല്‍ഗാന്ധിക്ക് കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രധാന എതിരാളിയെന്ന് രാഹുല്‍ അവകാശപ്പെടന്ന നരേന്ദ്രമോദിയേയും സംഘപരിവാറിനേയും നേരിട്ട് എതിർക്കാൻ അദ്ദേഹം ശ്രമിക്കുന്നതേയില്ല. ഉത്തരേന്ത്യയില്‍ നിന്നും ഒളിച്ചോടിയാണ് രണ്ടാം തവണയും വയനാട്ടിലെത്തി മത്സരിക്കുന്നത്. അദ്ദേഹത്തില്‍ നിന്ന് ഇതില്പരം എന്താണ് പ്രതീക്ഷിക്കേണ്ടതന്നും മുഖ്യമന്ത്രി ചോദിച്ചു.
കേരളത്തിനെതിരേ പ്രധാനമന്ത്രി മോദിക്കും രാഹുലിനും ഒരേ സ്വരമാണ്. ഇന്ത്യയില്‍ ഏറ്റവും അഴിമതി കുറഞ്ഞ സ്ഥലമാണ് കേരളം. എന്നാല്‍ നേട്ടങ്ങള്‍ നുണകള്‍കൊണ്ട് മൂടാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തില്‍ ആരോപിച്ചു.