തൃശൂരില്‍ ബാങ്കിന്റെ ലോക്കറില്‍ വിഷവാതകം, മൂന്ന് ജീവനക്കാര്‍ക്ക് ബോധക്ഷയം
മാപ്രാണം സെന്ററില്‍ സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിലെ ലോക്കറില്‍ നിന്നും വമിച്ച വിഷവാതകം ശ്വസിച്ച് മൂന്ന് ജീവനക്കാർക്ക് ബോധക്ഷയം.
തിങ്കളാഴ്ച വൈകീട്ട് ആറരയോടെ സ്വർണം എടുത്തുവെക്കാൻ പോയ ബാങ്കിലെ ക്ലാർക്കുമാരായ ചേർപ്പ് സ്വദേശി ഇമാ ജേക്കബ് (24), ഇരിങ്ങാലക്കുട സ്വദേശി പി.എല്‍. ലോന്റി (38),പത്തനംതിട്ട സ്വദേശി സ്റ്റെഫി (23) എന്നിവർക്കാണ് ബോധക്കേടുണ്ടായത്. ഇവരെ കൂർക്കഞ്ചേരി എലൈറ്റ് മിഷൻ ആശുപത്രി ഐ.സി.യു.വില്‍ പ്രവേശിപ്പിച്ചു.
ലോക്കർമുറിയിലേക്കു പോയവരെ തിരികെക്കാണാതായതിനെത്തുടർന്ന് അസിസ്റ്റന്റ് മാനേജർ ടിന്റോ അന്വേഷിച്ചുചെന്നപ്പോഴാണ് മൂന്നുപേരും ബോധരഹിതയായി കിടക്കുന്നതു കണ്ടത്. മുറിയിലേക്ക് കയറിയ ടിന്റോയ്ക്കും അസ്വസ്ഥത അനുഭവപ്പെട്ടു. ഉടൻ ബാങ്കിലെ ഗോള്‍ഡ് അപ്രൈസർ നാട്ടുകാരുടെ സഹായത്തോടെ ഇവരെ സമീപത്തെ ലാല്‍ മെമ്മോറിയല്‍ ആശുപത്രിയിലെത്തിച്ചു. ഗുരുതരാവസ്ഥയിലുള്ള മൂന്നുപേരെ പിന്നീട് എലൈറ്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ബാങ്കിനകത്ത് കാർബണ്‍ മൊണോക്സൈഡ് വാതകത്തിന്റെ സാന്നിദ്ധ്യം സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച മണിക്കൂറുകളോളം പ്രദേശത്ത് വൈദ്യുതി ഉണ്ടായിരുന്നില്ല. അതിനാല്‍ ജനറേറ്ററാണ് ബാങ്കില്‍ പ്രവർത്തിപ്പിച്ചിരുന്നത്. ജനറേറ്റർമുറിയുടെ ജനലുകള്‍ അടച്ചിട്ടനിലയിലായിരുന്നു. മൂന്നുമണിക്കൂറിലേറെ ജനറേറ്റർ പ്രവർത്തിച്ചതിനാല്‍ ഓക്സിജന്റെ അളവ് കുറയുകയോ കാർബണ്‍ മോണോക്സൈഡ് ഉണ്ടാകുകയോ ചെയ്തിരിക്കാമെന്നാണ് പൊലീസിന്റെയും ഫയർഫോഴ്സിന്റെയും നിഗമനം.