40 രോഗികളുടെ ഡയാലിസിസ് നടക്കുന്നതിനിടെ ആശുപത്രിയുടെ ഫ്യൂസ് ഊരി; ദയയില്ലാതെ കെ.എസ്.ഇ.ബി
നാല്പതോളം രോഗികള്‍ക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി.
വ്യാപകമായി പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു. യാക്കോബായ സുറിയാനി സഭയുടെ കീഴിലുള്ള അല്ലപ്ര കൊയ്നോണിയ ആശുപത്രിയിലെ സൗജന്യ ഡയാലിസിസ് കേന്ദ്രത്തിലാണ് സംഭവം.
രോഗികള്‍ക്ക് സൗജന്യ നിരക്കില്‍ ഡയാലിസിസ് നടത്തുന്നതിനിടെ വ്യാഴാഴ്ച രാവിലെ 8.30-ഓടെയാണ് കെ.എസ്.ഇ.ബി. ലൈൻമാനെത്തി ഫ്യൂസ് ഊരിയത്. ഇൻവെർട്ടർ സംവിധാനമുപയോഗിച്ച് കുറച്ചുസമയംകൂടി മാത്രമേ ഡയാലിസിസ് തുടരാൻ കഴിഞ്ഞുള്ളൂ. സെന്ററിലെ ജനറേറ്റർ തകരാറിലായിരുന്നു.
കൊയ്നോണിയ അധികൃതരും രോഗികളുടെ ബന്ധുക്കളും വെങ്ങോല കെ.എസ്.ഇ.ബി. ഓഫീസില്‍ ബന്ധപ്പെട്ടെങ്കിലും ബില്‍ തുക അടയ്ക്കാതെ വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിയില്ലെന്നായിരുന്നു കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരുടെ നിലപാട്. പിന്നീട് വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് നേരിട്ടും എം.എല്‍.എ. ഓഫീസില്‍നിന്നും ബന്ധപ്പെട്ടെങ്കിലും ഉദ്യോഗസ്ഥർ വഴങ്ങിയില്ല. പിന്നീട് പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് പള്ളിക്കല്‍, വാർഡ് മെംബർ പി.പി. എല്‍ദോസ് എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാരുള്‍പ്പെടുന്ന സംഘം വെങ്ങോല കെ.എസ്.ഇ.ബി. ഓഫീസില്‍ നേരിട്ടെത്തി ഉപരോധം തീർത്തതിനെത്തുടർന്നാണ് വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായത്.