കൊവിഡിനേക്കാള്‍ മാരകം; മലപ്പുറം ജില്ലയില്‍ രോഗം പടര്‍ന്ന് പിടിക്കുന്നു
മലപ്പുറം ജില്ലയില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച് ഒരാള്‍ മരണപ്പെട്ടതായും രോഗത്തിനെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. ചാലിയാർ പഞ്ചായത്തിലെ 41 വയസുള്ള പുരുഷനാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച് ഇന്നലെ രാവിലെ മരണപ്പെട്ടത്.
കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്ബോഴായിരുന്നു മരണം. മാർച്ച് 19ന് ഇദ്ദേഹത്തിന്റെ വീട്ടിലുള്ള ഒമ്ബതു വയസുകാരിക്ക് വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് മെഡിക്കല്‍ ഓഫീസറും ആരോഗ്യപ്രവർത്തകരും വീട്ടിലെത്തി പ്രതിരോധ പ്രവർത്തനങ്ങള്‍ സ്വീകരിച്ചിരുന്നു. ഏപ്രില്‍ 22ന് ഈ വ്യക്തിക്ക് ചാലിയാർ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച് വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗബാധ സ്ഥിരീകരിക്കുകയും തുടർന്ന് 26ന് നിലമ്ബൂർ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
അവിടെ നിന്നും വിദഗ്ധ ചികിത്സയ്ക്കായി മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് രോഗി പോവുകയുണ്ടായി. കരളിന്റെ പ്രവർത്തനം മോശമായതിനെ തുടർന്ന് അവിടെ നിന്നും രോഗിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാകുവാൻ ഇരിക്കവേ അണുബാധ ഉണ്ടാകുകയും ഇന്നലെ മരണപ്പെടുകയുമായിരുന്നു.
ഈ വർഷം ജനുവരി മുതല്‍ 3,184 സംശയാസ്പദമായ വൈറല്‍ ഹെപ്പറ്റൈറ്റിസ് കേസുകളും 1,032 സ്ഥിരീകരിച്ച കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതില്‍ സംശാസ്പദമായ അഞ്ച് മരണങ്ങളും സ്ഥിരീകരിച്ച അഞ്ച് മരണങ്ങളും ഉണ്ടായി. മാർച്ച് മാസത്തില്‍ ഒരുമരണവും ഏപ്രില്‍ മാസത്തില്‍ നാല് മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോർട്ട് ചെയ്തത് പോത്തുകല്ല്, കുഴിമണ്ണ, ഒമാനൂർ, പൂക്കോട്ടൂർ, മൊറയൂർ , പെരുവള്ളൂർ എന്നീ പഞ്ചായത്തുകളിലും മലപ്പുറം നഗരസഭയിലുമാണ്.