മുംബൈയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വൻ സ്ഫോടനം; മരണം പത്തായി
മുംബൈ ഡോംബിവ്ലിയിലെ ഒരു കെമിക്കല്‍ ഫാക്ടറിയിലുണ്ടായ ബോയിലർ പൊട്ടിത്തെറിച്ചു മരിച്ചവരുടെ വീണ്ടും ഉയർന്നു.
ഇന്ന് നടന്ന തിരച്ചിലിലാണ് രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തത്. മുപ്പതോളം പേരെ രക്ഷിക്കാനായി. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ ബോയ്ലറിന്റെ ഏഴരക്കിലോ തൂക്കമുള്ള കഷ്ണം ഒന്നര കിലോമീറ്റർ അകലെ തെറിച്ചു വീണപ്പോള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് പ്രദേശവാസിയായ വീട്ടമ്മ പറയുന്നു.
സംഭവത്തില്‍ അറുപതോളം പേരാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. ഇവരുടെ ചികിത്സ ചിലവുകള്‍ സർക്കാർ വഹിക്കുമെന്ന് ആശുപത്രി സന്ദർശിച്ച മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞു. ഡോംബിവ്ലി എംഐഡിസി സമുച്ചയത്തിൻ്റെ രണ്ടാം ഘട്ടത്തിലെ കെമിക്കല്‍ ഫാക്ടറിയിലാണ് അപകടമുണ്ടായത്. കാരണം ഇനിയും വ്യക്തമല്ല. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അതെ സമയം ഡോംബിവ്ലിയിലെ ജനവാസ മേഖലയിലുള്ള കെമിക്കല്‍ ഫാക്ടറികള്‍ ആറു മാസത്തിനകം മാറ്റി സ്ഥാപിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് സംഭവ സ്ഥലം സന്ദർശിച്ച ശ്രീകാന്ത് ഷിൻഡെ എം പി പറഞ്ഞു.