തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ ജനിച്ച പെണ്‍കുഞ്ഞിന് പേരിട്ടു
പേരാമംഗലത്ത് കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസില്‍ ജനിച്ച കുട്ടിക്ക് പേരിട്ടു. അമല എന്നാണ് പെണ്‍കുഞ്ഞിന് പേരിട്ടത്.
തൃശൂർ അമല മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജീവനക്കാരാണ് യുവതിയുടെ പ്രസവമെടുത്തത്. ആശുപത്രിയില്‍ തന്നെയായിരുന്നു അമ്മയുടെയും കുഞ്ഞിന്റെയും പ്രസവാനന്തര ശുശ്രൂഷ. ഇവർ ഇന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാർജാവും. യുവതിയുടെയും കുഞ്ഞിന്റെയും തുടർ ചികിത്സ സൗജന്യമാക്കിയതായി അമല ആശുപത്രി അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറും യുവതിക്ക് സമ്മാനം കൈമാറി.
അങ്കമാലിയില്‍ നിന്ന് തൊട്ടില് പാലത്തിന് പോവുകയായിരുന്ന ബസിലാണ് തിരുനാവായ സ്വദേശിനിയായ 36കാരി പ്രസവിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.45ഓടെ ബസ് പേരാമംഗലം എത്തിയപ്പോഴാണ് സ്ത്രീകളുടെ സീറ്റില്‍ ഒറ്റയ്ക്കിരുന്ന പൂർണ ഗർഭിണിയായ സെറീനയ്ക്ക് പ്രസവേദന അനുഭവപ്പെട്ടത്. മലപ്പുറം തിരുനാവായ മണ്ട്രോ വീട്ടില്‍ ലിജീഷിന്റെ ഭാര്യയാണ് സെറീന.
കണ്ടക്ടർ അജയനോട് സെറീന വിവരം പറഞ്ഞപ്പോള്‍ തന്നെ ഒറ്റബെല്ലില്‍ ബസ് നിറുത്തി. പിന്നീട് ഒരു ഓട്ടോയ്ക്കായി അന്വേഷിച്ചെങ്കിലും അതിനിടെ കുട്ടി പുറത്തേക്ക് വന്നുതുടങ്ങിയിരുന്നു. ഇതോടെ ബസില്‍ തന്നെ അമല ആശുപത്രിയിലേക്ക് എത്തിക്കാമെന്ന് തീരുമാനിച്ചു. സ്ഥിരം റൂട്ടായതിനാല്‍ ഡ്രൈവർക്കും കണ്ടക്ടർക്കും ആശുപത്രി അറിയാമായിരുന്നു.
ഹെഡ് ലൈറ്റ് തെളിച്ച്, ഹോണടിച്ച് അശുപത്രിമുറ്റത്ത് ആനവണ്ടി പാഞ്ഞെത്തി, അസാധാരണമായി ബസ് കണ്ടപ്പോള്‍ തന്നെ ആശുപത്രി ജീവനക്കാർ സ്ട്രച്ചറും വീല്‍ചെയറുമായി സജ്ജം. അപകടമോ അത്യാഹിതമോ എന്ന് കരുതി ഓടിയെത്തിയ ആശുപത്രി ജീവനക്കാർക്കും മറ്റുള്ളവർക്കും പ്രസവമെന്ന് കേട്ടപ്പോള്‍ അമ്പരപ്പും, അത്ഭുതവുമായിരുന്നു.
ഉടൻ ഡോക്ടറെ വിവരം അറിയിച്ചു. നിമിഷനേരം കൊണ്ട് എല്ലാം തയ്യാറായി. ഒരു ബസിലെ ആളുകളെ മുഴുവൻ വെപ്രാളത്തിലും പരിഭ്രമത്തിലുമാക്കിയ നിമിഷങ്ങള്‍ക്കൊടുവില്‍ സെറീന പെണ്‍കുഞ്ഞിന് ജന്മം നല്കി. ഡോക്ടർമാരുടെയും ജീവനക്കാരുടെയും ഏറെ നേരത്തെ ശ്രമത്തിനും പരിചരണത്തിനും ശേഷം കുഞ്ഞുമായി നഴ്സ് ബസില്‍ നിന്നിറങ്ങി.