കുവൈറ്റ് ദുരന്തം; മരണ സംഖ്യ 50 ആയി, ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍
കുവൈറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം അമ്ബത് ആയെന്ന് റിപ്പോർട്ടുകള്‍. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചുവെന്ന് കുവൈറ്റ് മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. മരിച്ചയാളുടെ പേര് വിവരം അറിവായിട്ടില്ല. തിരിച്ചറിയല്‍ നടപടി പുരോഗമിക്കുകയാണെന്നാണ് വിവരം.
അതേസമയം, 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് അടക്കമുള്ളവർ വിമാനത്തിലുണ്ട്. വിമാനം പത്തരയോടെ നെടുമ്ബാശേരി എത്തുമെന്നാണ് പുതിയ വിവരം.
23 മലയാളികളുടെയും ഏഴ് തമിഴ്നാട് സ്വദേശികളുടേയും ഒരു കർണാടക സ്വദേശിയുടേയും മൃതദേഹം കൊച്ചിയിലിറക്കും. മറ്റ് സംസ്ഥാനങ്ങളിലുള്ളവരുടെ മൃതദേഹങ്ങള്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോകും.മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങും. തുടർന്ന് പ്രത്യേക ആംബുലൻസുകളില്‍ വീടുകളിലേക്ക് കൊണ്ടുപോകും. ഓരോ ആംബുലൻസിനൊപ്പവും ഓരോ പൈലറ്റ് വാഹനവും പോകും.തമിഴ്നാട് സർക്കാർ അയച്ച ആംബുലൻസുകള്‍ നെടുമ്ബാശേരിയില് എത്തിയിട്ടുണ്ട്.