വിദേശ വനിതക്കെതിരെ ലൈംഗികാതിക്രമം; റിസോര്‍ട്ട് ജീവനക്കാരൻ പിടിയില്‍
റിസോര്‍ട്ടിലെ മസാജ് സെന്ററില്‍ വെച്ച് വിദേശ വനിതക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ജീവനക്കാരനെ തിരുനെല്ലി പൊലീസ് പിടികൂടി. തലപ്പുഴ, യവനാര്‍കുളം, എടപ്പാട്ട് വീട്ടില്‍ ഇ.എം. മോവിനെയാണ് തിരുനെല്ലി ഇന്‍സ്പെക്ടര്‍ ലാല്‍ സി. ബേബിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
നെതര്‍ലാന്റുകാരിയായ യുവതി ജൂണ്‍ നാലിന് എ.ഡി.ജി.പിക്ക് ഇമെയില്‍ മുഖാന്തിരം പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കേസെടുത്ത വിവരമറിഞ്ഞ് ഒളിവിലായിരുന്ന ഇയാളെ ശനിയാഴ്ചയാണ് വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സംഭവം. തിരുനെല്ലിയിലെ ക്ലോവ് റിസോര്‍ട്ടിലെ മസാജ് സെന്റില്‍ വെച്ചാണ് തിരുമ്മല്കാരനായ പ്രതി വിദേശ വനിതയെ മസാജ് ചെയ്യുന്ന സമയം ലൈംഗികാതിക്രമം നടത്തിയത്. വിദേശ വനിതക്ക് ഇയാളുടെ ഫോട്ടോ അയച്ചുകൊടുക്കുകയും പ്രതിയെ തിരിച്ചറിയുകയും ചെയ്തു. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ വിനീത്, രതീഷ്, അഭിജിത്ത് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.