ഓണ്‍ലൈൻ മാദ്ധ്യമങ്ങളെ കടിഞ്ഞാണിടണം; ഫെഫ്കയ്ക്ക് കത്തയച്ച് നിര്‍മാതാക്കള്‍
ഓണ്‍ലൈൻ മാദ്ധ്യമങ്ങളെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഫെഫ്കയ്ക്ക് കത്തയച്ച് നിർമാതാക്കള്‍. അക്രഡിറ്റേഷൻ നിർബന്ധമാക്കണമെന്നാണ് കത്തിലുള്ളത്.
നാളെ നടക്കുന്ന ഫെഫ്ക സ്റ്റിയറിംഗ് കമ്മിറ്റിയില്‍ വിഷയം ചർച്ച ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. കഴിഞ്ഞ ആറ് മാസമായി ഈ വിഷയം നിർമാതാക്കള്‍ ചർച്ച ചെയ്തുവരികയായിരുന്നു. എന്നാല്‍ നടൻ സിദ്ദിഖിന്റെ മകന്റെ മരണത്തിന് പിന്നാലെ ആ വീട്ടില്‍ പോയി പല മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്ത രീതി, പല നടിമാരും ഓണ്‍ലൈൻ മാദ്ധ്യമങ്ങളില്‍ നിന്ന് നേരിട്ട ദുരനുഭവം തുടങ്ങി സമീപകാലത്തുണ്ടായ ചില സംഭവങ്ങളാണ് ഇപ്പോള്‍ കത്ത് നല്കാൻ കാരണമെന്നാണ് റിപ്പോർട്ടുകള്‍.
സിദ്ദിഖിന്റെ വീട്ടിലെത്തിയ ചില ഓണ്‍ലൈൻ മാദ്ധ്യമപ്രവർത്തകരുടെ റിപ്പോർട്ടിംഗിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. മരണ വീടാണെന്ന് പോലും ഓർത്തില്ലെന്നായിരുന്നു വിമർശനം. കൂടാതെ അടുത്തിടെ ഒരു അഭിമുഖത്തില്‍ പ്രമുഖ നടിയോട് അവതാരക വളരെ മോശമായ രീതിയില്‍ പെരുമാറിയിരുന്നു. ഒടുവില്‍ സഹികെട്ട് നടി ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു.
മാത്രമല്ല, കഴിഞ്ഞ ദിവസം നടന്ന താര സംഘടന ‘അമ്മ’ യുടെ ജനറല്‍ ബോഡി യോഗത്തിന്റെ ദൃശ്യങ്ങള്‍ ഒരു യൂട്യൂബ് ചാനലിലൂടെ സംപ്രേഷണം ചെയ്തതും വിവാദമായിരുന്നു. രഹസ്യ സ്വഭാവമുള്ള പൊതുചർച്ചയും തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങളും ഇതിനിടെയുണ്ടായ ബഹളങ്ങളുമെല്ലാമാണ് പുറംലോകം കണ്ടത്. ഇത് സംഘടനയ്ക്ക് നാണക്കേടുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാകാം ഓണ്‍ലൈൻ മാദ്ധ്യമങ്ങളെ കടിഞ്ഞാണിടാൻ നിർമാതാക്കള്‍ കത്ത് നല്‍കിയതെന്നാണ് സൂചന.