ബ്രിട്ടനില്‍ വൻ ഭൂരിപക്ഷത്തോടെ ഭരണമുറപ്പിച്ച് ലേബര്‍ പാര്‍ട്ടി; കെയ്ര് സ്റ്റാര്‍മര്‍ പ്രധാനമന്ത്രിയാകും
ബ്രിട്ടനില്‍ നീണ്ട 14 വർഷത്തെ കണ്‍സർവേറ്റീവ് പാർട്ടി ഭരണം അവസാനിപ്പിച്ച് വൻ ഭൂരിപക്ഷത്തോടെ ലേബർ പാർട്ടി അധികാരത്തിലേക്ക്. 650 അംഗ പാർലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മൂന്നിലൊന്ന് സീറ്റുകളുടെ ഫലം പ്രഖ്യാപിച്ചപ്പോഴേക്കും കേവല ഭൂരിപക്ഷമായ 325 എന്ന സംഖ്യ ലേബർ പാർട്ടി കടന്നു.
നിലവില്‍ 359 സീറ്റുകളാണ് ലേബർ പാർട്ടി നേടിയിരിക്കുന്നത്. കണ്‍സർവേറ്റീവ് പാർട്ടി വെറും 72 സീറ്റുകളില്‍ ഒതുങ്ങി. 2019നെ അപേക്ഷിച്ച് 172 സീറ്റുകളാണ് കണ്‍സർവേറ്റീവ് പാർട്ടിക്ക് നഷ്ടമായത്. 46 സീറ്റുകളുമായി ലേബർ ഡെമോക്രാറ്റ് പാർട്ടി മൂന്നാം സ്ഥാനത്താണ്. ബിബിസിയുടെ റിപ്പോർട്ട് പ്രകാരം, 408 സീറ്റുകള്‍ ലേബർ പാർട്ടിക്കും, കണ്‍സർവേറ്റീവ് പാർട്ടിക്ക് 136 സീറ്റുകളും ലഭിക്കുമെന്നാണ്. 66 സീറ്റുകള്‍ നേടി ലേബർ ഡെമോക്രാറ്റ് പാർട്ടി മൂന്നാം സ്ഥാനത്തെത്തുമെന്നും റിപ്പോർട്ടിലുണ്ട്.
ലേബർ പാർട്ടിയുടെ കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകും. പാൻക്രാസ് സീറ്റില്‍ നിന്നാണ് സ്റ്റാർമറുടെ വിജയം. ലേബർ പാർട്ടിയില്‍ വിശ്വാസമർപ്പിച്ച് വോട്ട് ചെയ്തവരോട് കെയ്ർ സ്റ്റാർമർ നന്ദി അറിയിച്ചു. പ്രധാനമന്ത്രി ഋഷി സുനക് കണ്‍വർവേറ്റീവ് പാർട്ടിയുടെ തോല്‍വി അംഗീകരിച്ചു. സ്റ്റാർമറെ ഫോണില്‍ വിളിച്ച് സുനക് അഭിനന്ദനം അറിയിച്ചു. റിച്ച്മണ്ട് ആൻഡ് നോർതലേർട്ടൻ സീറ്റ് സുനക് നിലനിർത്തി. 23,059 വോട്ടാണ് ഭൂരിപക്ഷം.
650 അംഗ പാർലമെന്റില്‍ 410 സീറ്റും ലേബർ പാർട്ടി നേടുമെന്നായിരുന്നു എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍. കണ്‍സർവേറ്റീവ് പാർട്ടി 131 സീറ്റിലൊതുങ്ങുമെന്നും ലിബറല്‍ ഡെമോക്രാറ്റുകള്‍ 61 സീറ്റ് നേടുമെന്നും നൈജല്‍ ഫരാജിന്റെ റിഫോം യുകെ പാർട്ടി 13 സീറ്റ് നേടുമെന്നുമായിരുന്നു പ്രവചനം. തീവ്ര ദേശീയവാദി പാർട്ടിയായ യുകെ റിഫോം പാർട്ടി നാല് സീറ്റ് നേടി. നേതാവ് നൈജല്‍ ഫരാജ് ആദ്യമായി വിജയിച്ചു. ക്ലാക്ടണ്‍ മണ്ഡലത്തില്‍ നിന്നാണ് ഫരാജിന്റെ വിജയം. 2019ലെ തിരഞ്ഞെടുപ്പില്‍ യുകെ റിഫോമിന് ഒരു സീറ്റ് പോലും ലഭിച്ചിരുന്നില്ല.