സര്‍ക്കാരിന്റെ എല്ലാ പൊതു പരിപാടികളും മാറ്റിവച്ചു; സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ഗ്രൂപ്പ് അടിയന്തരമായി വയനാട്ടിലെത്തും
വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സർക്കാരിന്റെ എല്ലാ പരിപാടികളും മാറ്റിവച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.
എല്ലാ സന്നാഹങ്ങളും വയനാട്ടിലെത്തിക്കും. ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനും അനുബന്ധ പ്രവർത്തനങ്ങള്‍ക്കുമായി സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ഗ്രൂപ്പ് അടിയന്തരമായി വയനാട്ടിലെത്തുമെന്ന് അദ്ദേഹം അറിയിച്ചു.
സൈന്യത്തിന്റെ മദ്രാസ് എഞ്ചിനിയറിംഗ് ഗ്രൂപ്പ് ബാംഗ്ലൂരുവില്‍ നിന്നാണ് എത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉരുള്‍പൊട്ടലില്‍ പാലം തകർന്ന സാഹചര്യത്തില്‍ ബദല്‍ സംവിധാനം അടക്കമുള്ള കാര്യങ്ങള്‍ സൈന്യത്തിന്റെ എഞ്ചിനീയറിംഗ് വിഭാഗം നടപ്പാക്കും. റവന്യു സെക്രട്ടറി സൈന്യത്തിന്റെ കേരള, കർണാടക ചുമതലയുള്ള മേജർ ജനറല്‍ വി.ടി. മാത്യൂസുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
പൊലീസിന്റെ ഡ്രോണുകള്‍ വിന്യസിച്ച് തെരച്ചില്‍ നടത്താൻ നിർദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് ഡോഗ് സ്ക്വാഡും രംഗത്തിറങ്ങും. സ്ഥിതിഗതികള്‍ വിലയിരുത്താൻ മുഖ്യമന്ത്രി നേരത്തെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓഫീസിലെത്തിയിരുന്നു.
ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് പ്രത്യേക കണ്ട്രോള് റൂം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോള് റൂമിലേയ്ക്ക് പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.