ഇത് സാധാരണ ദുരന്തമല്ല, കേന്ദ്രത്തിന് കഴിയുന്ന എല്ലാ സഹായവും ചെയ്യും – പ്രധാനമന്ത്രി
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലകള്‍ സന്ദർശിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിക്ക് മടങ്ങി.
ഹെലികോപ്റ്ററില്‍ കണ്ണൂർ വിമാനത്താവളത്തില്‍ എത്തിയ ശേഷം പ്രത്യേക വിമാനത്തില്‍ ഡല്‍ഹിക്ക് തിരിക്കും. ദുരന്തത്തില്‍ കേന്ദ്രത്തിന് ചെയ്യാൻ കഴിയുന്ന എല്ലാ സഹായവും ചെയ്യുമെന്ന് പ്രധാനമന്ത്രി അവലോകന യോഗത്തില്‍ പറഞ്ഞു. ദുരന്തബാധിതർക്ക് ഒപ്പം നില്‍ക്കുകയാണ് ഇപ്പോള്‍ ഏറ്റവും പ്രധാനമെന്നും കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ വയനാടിനായി പ്രത്യേക പാക്കേജുകളൊന്നും പ്രഖ്യാപിക്കാതെയാണ് മോദി മടങ്ങിയത്.
സംഭവത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ മുതല്‍ വിവരങ്ങള്‍ തേടുന്നുണ്ടായിരുന്നു. സഹായിക്കാന്‍ കഴിയുമായിരുന്ന എല്ലാ കേന്ദ്ര ഏജന്‍സികളേയും സംഭവസ്ഥലത്തേക്ക് അയച്ചു. ഇത് സാധാരണ ദുരന്തമല്ല. സ്ഥലത്തെ അവസ്ഥ നേരില്‍ കണ്ടു. ദുരന്തം നേരിട്ടവരെ ദുരിതാശ്വാസ ക്യാമ്ബുകളില്‍ കണ്ടു. പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ദുരന്തമുണ്ടായ ദിവസം രാവിലെ തന്നെ മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും സഹായം നല്‍കുമെന്നും ഉറപ്പ് നല്‍കിയതായും മോദി പറഞ്ഞു.
എന്‍.ഡി.ആര്.എഫ്, എസ്.ഡി.ആര്.എഫ്, സൈന്യം, പൊലീസ്, ഡോക്ടര്‍മാര്‍ എല്ലാവരും ദുരന്തബാധിതരെ സഹായിക്കാന്‍ ശ്രമിച്ചു. നിങ്ങള്‍ ഒറ്റക്കല്ല എന്ന ഉറപ്പാണ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നല്‍കാനുള്ളത്. നമ്മളെല്ലാവരും അവര്‍ക്കൊപ്പമുണ്ട്. കേന്ദ്രം കേരള സര്‍ക്കാരിനൊപ്പമുണ്ടെന്നും പണത്തിന്റെ അഭാവത്തിന്റെ മൂലം പുനരധിവാസ പ്രവർത്തനങ്ങള്‍ തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാക്കുമെന്നും മോദി പറഞ്ഞു.