കേരള പൊലിസ് ഇന്ന് വിശാഖപട്ടണത്ത് എത്തും; 13കാരിയെ കേരളത്തിലെത്തിക്കും
തലസ്ഥാനത്ത് നിന്നും കാണാതായ അസം സ്വദേശിനിയായ 13കാരിയെ 37 മണിക്കൂറിന് ശേഷം കണ്ടെത്തിയതിന് പിന്നാലെ കുട്ടിയെ തിരിച്ചെത്തിക്കാൻ കേരളത്തില്‍ നിന്ന് പുറപ്പെട്ട സംഘം ഇന്ന് വിശാഖപട്ടണത്ത് എത്തും.
കഴക്കൂട്ടം എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ഉച്ചയ്ക്ക് വിശാഖപട്ടണത്ത് എത്തിച്ചേരുമെന്നാണ് വിവരം. പെണ്‍കുട്ടിയെ ഇന്ന് കേരള പൊലിസിന് കൈമാറും. കുട്ടി ഇപ്പോള്‍ ആർ.പി.എഫിന്റെ സംരക്ഷണയിലാണ് ഉള്ളത്. നിയമ നടപടികള്‍ പൂർത്തിയാക്കിയ ശേഷമാകും കുട്ടിയെ കേരള പൊലിസിന് കൈമാറുക. ഇതിന് പിന്നാലെ ഉടൻ തിരുവനന്തപുരത്ത് എത്തിക്കാനാണ് തീരുമാനം.
കഴക്കൂട്ടം എസ്.എച്ച്.ഒയുടെ നേതൃത്വത്തില്‍ രണ്ട് വനിത പൊലിസ് ഉദ്യോഗസ്ഥർ ഉള്‍പ്പെടെ അഞ്ചംഗ സംഘമാണ് ട്രെയിനില്‍ വിശാഖപട്ടണത്തേക്ക് തിരിച്ചത്. ശിശുക്ഷേമ സമിതിയിലെ (സി.ഡബ്ല്യു.സി ) ഒരു അംഗവും ഒപ്പമുണ്ട്. കുട്ടിയെ വിട്ടുകിട്ടുന്നതിന് ഇന്ന് സി.ഡബ്ല്യു.സി അംഗം വിശാഖപട്ടണം സി.ഡബ്ല്യു.സിക്ക് കത്ത് നല്‍കും. വൈദ്യപരിശോധനക്ക് ശേഷം കുട്ടിയെ ഞായറാഴ്ചയോ തിങ്കളോ ട്രെയിൻ മാർഗം കേരളത്തിലെത്തിക്കാനാണ് നിലവിലെ തീരുമാനം. വിമാനമാർഗം എത്തിക്കുന്നതിൻ്റെ സാധ്യതയും പൊലിസ് ആരാഞ്ഞിരുന്നു. കുട്ടിക്ക് കൗണ്‍സലിങ്ങ് കൂടി നല്‍കിയതിനു ശേഷമാകും മാതാപിതാക്കള്‍ക്ക് വിട്ടുനല്‍കുക.