‘ദുരനുഭവമുണ്ടായി, അമ്മ പരാജയം’, എന്തുകൊണ്ട് സിനിമയിൽ നിന്നും അകന്നു നിന്നു? തുറന്നു പറഞ്ഞ് വൈശാലിയിലെ നടി
മലയാള ചലച്ചിത്ര മേഖലയിൽ മോശം പെരുമാറ്റം എല്ലാ കാലത്തുമുണ്ടായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് വൈശാലി ചിത്രത്തിലെ നായികാ സുപർണ ആനന്ദ്. ‘വർഷങ്ങൾക്കു മുൻപുണ്ടായ സംഭവമായതിനാൽ കൂടുതൽ വെളിപ്പെടുത്തലിനില്ല. പക്ഷെ ഇത്രയും ഭയാനകമായിരുന്നില്ല അന്നത്തെ അവസ്ഥ.
സിനിമയിൽ സ്ത്രീകൾ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. അതുകൊണ്ട് തന്നെയും ഇനിയും ഹേമ കമ്മിറ്റി റിപ്പോർട്ടിൻ മേൽ നടപടി വൈകരുത്. അതോടൊപ്പം എന്തുകൊണ്ടാണ് മുകേഷിനെ സർക്കാർ സംരക്ഷിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. ആരോപണ വിധേയനായ എംഎൽഎ മുകേഷ് രാജി വയ്ക്കണം.
മുതിർന്ന നടന്മാരായ മമ്മൂട്ടിയും മോഹൻലാലും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിക്കണം. സിനിമയിൽ പ്രയാസങ്ങൾ നേരിട്ടതിനാലാണ് സിനിമ ഉപേക്ഷിച്ചത്. സമ്മർദങ്ങൾക്ക് നിന്നു കൊടുത്തിരുന്നില്ല. കാസ്റ്റിങ് കൗച്ച് നേരത്തേ മുതലേ സിനിമയിലുണ്ട്. ഉപദ്രവിച്ചവരുടെ പേര് പറയാൻ നടിമാർ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നു.
പരാജയമായത് കൊണ്ടാണ് അമ്മ ഭരണസമിതിക്ക് രാജി വയ്ക്കേണ്ടി വന്നത്. ഒരുപക്ഷേ ചിലർ തെറ്റു ചെയ്തിട്ടുണ്ടാവില്ല, അല്ലെങ്കിൽ ചിലർ തെറ്റു ചെയ്തിട്ടുണ്ടാവും. എന്നാൽ എന്തിനാണ് എല്ലാവരും ഇവരെ പേടിക്കുന്നത്? ഇത്തരം അഡ്ജസ്റ്റ്മെന്റുകൾക്ക് തയ്യാറാവുന്ന സ്ത്രീകൾ ഉണ്ടായേക്കാം. എന്നാൽ എല്ലാവരും അങ്ങനെ ചിന്തിക്കില്ല. അതേസമയം തനിക്ക് നല്ല വേഷം കിട്ടിയാൽ മലയാള സിനിമയിലേക്ക് തിരിച്ചുവരാൻ ആഗ്രഹമുണ്ട് എന്നാണ് നടി പറഞ്ഞത്.
സുപർണയുടെ ആദ്യ നായികാ കഥാപാത്രമായിരുന്നു വൈശാലി. അന്യഭാഷയിൽ നിന്ന് മലയാളത്തിൽ എത്തിയെങ്കിലും സുപർണക്ക് ഈ ചിത്രങ്ങളിലൂടെ ലഭിച്ച സ്വീകാര്യത വലുതായിരുന്നു. ഞാൻ ഗന്ധർവ്വനു ശേഷം പിന്നീട് സുപർണ മലയാളത്തിലേക്ക് വന്നിട്ടില്ല. താരത്തിനു നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ മൂലമാണ് അത്തരമൊരു തീരുമാനത്തിലേക്ക് സുപർണയെ നയിച്ചത്.
1997ൽ തന്നെ സിനിമ പൂർണമായും ഉപേക്ഷിച്ചു. മറ്റു ഭാഷകളിൽ നിന്നും സുപർണക്ക് ഇത്രയും നല്ല സിനിമകളോ നായികാ പ്രാധാന്യമുള്ള കഥാപാത്രങ്ങളോ ലഭിച്ചിരുന്നില്ല. ഒരാൾ താൻ അത്രത്തോളം ഇഷ്ടപ്പെടുന്ന മേഖലയിൽ നിന്നും വിട്ടു നിൽക്കണമെങ്കിൽ ആ മേഖലയിൽ നിന്നും അവർക്ക് കിട്ടിയ അനുഭവങ്ങൾ കൊണ്ട് തന്നെ ആയിരിക്കും. അത് തന്നെയാണ് ഇവിടെ സുപര്ണയ്ക്കും സംഭവിച്ചത്. അമ്മയിലെ കൂട്ട രാജിയോടെ ഇനി വരുന്ന സംഘടനാ എല്ലാവരെയും ഉൾക്കൊണ്ട് മുൻപോട്ട് പോകണമെന്നാണ് സുപർണ പറയുന്നത്.