പ്രസവത്തിന് പിന്നാലെ നവജാത ശിശുവിനെ അമ്മയും കാമുകനും കൊന്നു
ആലപ്പുഴ: ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ യുവതി പ്രസവിച്ച നവജാതശിശുവിനെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്. കുഞ്ഞിനെ കൊലപ്പെടുത്തിയതായി അമ്മ പോലീസിന് മൊഴി നല്‍കിയതായാണ് സൂചന. കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ടെന്ന് യുവതി വെളിപ്പെടുത്തിയെന്നാണ് വിവരം. കാമുകനാണ് കുഞ്ഞിനെ കൊന്നതെന്നും മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തിൽ കുഞ്ഞിൻറെ അമ്മയും സുഹൃത്തും കസ്റ്റഡിയിൽ. ആശ മനോജ്, രതീഷ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
തൃപ്പൂണിത്തുറയിലുള്ളവർക്ക് കുഞ്ഞിനെ വിറ്റുവെന്നാണ് യുവതി പറഞ്ഞതെന്ന് വാർഡ് മെമ്പർ ഷിൽജ പറഞ്ഞു. ആശുപത്രിയിൽ കൂടെ നിന്നത് വാടകയ്ക്ക് നിർത്തിയ സ്ത്രീയായിരുന്നു. ബന്ധുക്കളോ മറ്റാരും ഉണ്ടായിരുന്നില്ല. സാമ്പത്തിക പ്രശ്നം മൂലമാണ് കുഞ്ഞിനെ നൽകിയത്, വളർത്താൻ നിവൃത്തിയില്ലാത്തത് കൊണ്ടാണ് നൽകിയതെന്നും യുവതി പറഞ്ഞതായി വാർഡ് മെമ്പർ വെളിപ്പെടുത്തി. തൃപ്പൂണിത്തുറ സ്വദേശികളുടെ സങ്കടം കണ്ട് നിവൃത്തികേടുകൊണ്ടാണ് കുഞ്ഞിനെ കൊടുത്തതെന്നാണ് യുവതി പറഞ്ഞതെന്നും വാർഡ് മെമ്പർ പറഞ്ഞു. യുവതിക്ക് വെറെ രണ്ടു കുട്ടികളുണ്ട്. മൂന്നാമത്തെ കുഞ്ഞിനെയാണ് കൈമാറിയത്.
പള്ളിപ്പുറം സ്വദേശിനിയായ യുവതി കഴിഞ്ഞ ശനിയാഴ്ചയാണ് ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് പ്രസവിച്ചത്. ഇതിനുശേഷം കഴിഞ്ഞ ദിവസമാണ് ഇവർ വീട്ടിലെത്തിയത്. ശേഷം പ്രദേശത്തെ ആശാവർക്കർ വീട്ടിലെത്തിയപ്പോൾ ഇവർ കുഞ്ഞിനെ കാണിക്കാൻ തയ്യാറായിരുന്നില്ല. ഇതോടെയാണ് കുഞ്ഞിനെ മറ്റൊരാൾക്ക് ഇവർ കൈമാറിയ വിവരം അറിയുന്നത്. തുടർന്ന് ജനപ്രതിനിധിയെ ആശാവർക്കർ വിവരം അറിയിക്കുകയായിരുന്നു.