വിവാദങ്ങള്‍ക്കിടെ നിയമസഭാ സമ്മേളനം ഇന്ന് മുതല്‍
വിവിധ വിഷയങ്ങള്‍ ഭരണപക്ഷത്തിനെതിരെ ആയുധമാക്കാൻ പ്രതിപക്ഷം ഒരുങ്ങവേ, നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും.
15-ാം കേരള നിയമസഭയുടെ 12-ാം സമ്മേളനം 18 വരെ ഒൻപത് ദിവസം മാത്രമാണ് ചേരുക. ഭരണപക്ഷത്തിനെതിരെ ഉന്നയിക്കാൻ പ്രതിപക്ഷത്തിനു ഒട്ടേറെ വിഷയങ്ങളുള്ളതിനാല്‍ സഭ പ്രക്ഷുബ്ധമാകാനാണ് സാധ്യത. വയനാട്, കോഴിക്കോട് ജില്ലകളിലായി നടന്ന ഉരുള്‍പൊട്ടലില്‍ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികള്‍ അർപ്പിച്ച് ഇന്ന് സഭ പിരിയും.
ആറ് ദിവസങ്ങള്‍ ബില്ലുകള്‍ പാസാക്കാനും രണ്ട് ദിവസം അനൗദ്യോഗിക അംഗങ്ങളുടെ കാര്യങ്ങള്‍ക്കുമായാണു സഭ ചേരുന്നത്. വയനാട് ദുരിത ബാധിതരെ സഹായിക്കാൻ ആവശ്യപ്പെട്ട തുക നല്‍കാത്തതില്‍ കേന്ദ്രത്തിനെതിരായ വിമർശനം ഭരണപക്ഷം സഭയില്‍ ഉയർത്തും. വിഷയത്തില്‍ പ്രതിപക്ഷവും നിലപാട് അറിയിക്കും. അതേസമയം, കണക്കുകളിലെ പ്രശ്നങ്ങള്‍ പ്രതിപക്ഷം ഉയർത്താനും സാധ്യതയുണ്ട്.