‘പാര്‍ട്ടി അവഗണിച്ചാല്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കും’; കെ മുരളീധരൻ
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ കഴിഞ്ഞ ദിവസം പരോക്ഷമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെ പാർട്ടിയിലേക്ക് ക്ഷണിച്ചത് വാർത്തകളില്‍ ഇടംപിടിച്ചിരുന്നു.
ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കെ മുരളീധരൻ. കെ സുരേന്ദ്രന്റെ പ്രസ്താവന തമാശയാണെന്നും താൻ ഒരിക്കലും ബിജെപിയിലേക്ക് പോകില്ലെന്നും മുരളീധരൻ വ്യക്തമാക്കി. പാർട്ടി അവഗണിച്ചാല്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമ്മയെ സംഭവങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും മുരളീധരൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് കെ സുരേന്ദ്രൻ ഇത്തരമൊരു പ്രസ്താവന നടത്തിയത്. ആട്ടുംതുപ്പും സഹിച്ച് കെ മുരളീധരൻ എന്തിന് കോണ്‍ഗ്രസില്‍ തുടരുന്നുവെന്നും സുരേന്ദ്രൻ ചോദിച്ചു. മുരളീധരനോട് സഹതാപമേയുള്ളൂ. സ്വന്തം അമ്മയെ അപമാനിച്ച ആള്‍ക്കായി അദ്ദേഹം വോട്ട് ചോദിക്കുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു.
‘പാലക്കാട്ടെ വിഷയങ്ങള്‍ പിന്നീട് ചർച്ച ചെയ്യാം. പി വി അൻവർ വയനാട്ടില്‍ സ്വാധീനമുള്ളയാളാണ്. അതിനാല്‍ വോട്ട് അഞ്ച് ലക്ഷത്തിലെത്തിക്കാൻ സഹകരിക്കും. പാലക്കാടും ചേലക്കരയിലും അൻവറിന് സ്വാധീനമില്ല. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാർത്ഥികളെ മാറ്റില്ല. സ്ഥാനാർത്ഥികളെ പിൻവലിക്കണമെന്ന് അൻവർ കത്ത് കൊടുത്തില്ല. വയനാട് പ്രചരണത്തിന് പോകും. പാലക്കാട്, ചേലക്കരയിലും പ്രചരണത്തിന് പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ല. അൻവറിനോട് യോജിപ്പും വിയോജിപ്പുമില്ല. നാളെ ഗോവിന്ദൻ മാഷ് വോട്ട് തരാമെന്ന് പറഞ്ഞാലും വാങ്ങും. പ്രശ്നങ്ങള്‍ 23ന് ശേഷം ചർച്ച ചെയ്യും’,- കെ മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.