വ്യാജ ബോംബ് ഭീഷണി, ഇന്നലെ 56ലധികം വിമാനങ്ങള്‍ക്ക്, കൊച്ചിയില്‍ രണ്ട്, കരിപ്പൂരില്‍ ഒന്ന്
വിമാനങ്ങള്‍ക്ക് വ്യാജ ബോംബ് ഭീഷണിയടക്കം മുഴക്കിയാല്‍ ജീവപര്യന്തംവരെ തടവും പിഴയും ശിക്ഷ നല്കുന്ന നിയമഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടും ഭീഷണിക്ക് കുറവില്ല.
കൊച്ചി, കരിപ്പൂർ ഉള്‍പ്പെടെ ഇന്നലെ മാത്രം വ്യാജ ബോംബ് ഭീഷണി ഉണ്ടായത് 56ലധികം വിമാനങ്ങള്‍ക്ക്. ഇതുമൂലം വലഞ്ഞ് യാത്രക്കാരും വിമാനക്കമ്ബനികളും. ഒരാഴ്ചയ്ക്കിടെ ഇന്ത്യൻ കമ്ബനികളുടെ നൂറിലേറെ വിമാനങ്ങള്‍ക്കാണ് ഭീഷണിയുണ്ടായത്.
വ്യാജ ഭീഷണിയെത്തുടർന്ന് ജിദ്ദയിലേക്കുള്ള മൂന്ന് ഇൻഡിഗോ വിമാനങ്ങള്‍ ഇന്നലെ വഴിതിരിച്ചുവിട്ടു. കരിപ്പൂരില്‍ കോഴിക്കോട്-ജിദ്ദ വിമാനം റിയാദിലേക്കും ബംഗളൂരു-ജിദ്ദ വിമാനം ദോഹയിലേക്കും ഡല്‍ഹി-ജിദ്ദ വിമാനം മദീനയിലേക്കുമാണ് തിരിച്ചുവിട്ടത്. ഇൻഡിഗോയുടെ മംഗലാപുരം-മുംബയ്,അഹമ്മദാബാദ്-ജിദ്ദ, ലഖ്നൗ-പൂനെ, ഹൈദരാബാദ്-ജിദ്ദ, ഇസ്താംബൂള്‍-മുംബയ്, ഡല്‍ഹി-ദമാം, ഇസ്താംബൂള്‍-ഡല്‍ഹി വിമാനങ്ങള്‍ക്കും വ്യാജ ഭീഷണിയുണ്ടായി.
കൊച്ചിയില്‍ ബംഗളൂരു ഇൻഡിഗോ വിമാനത്തിനും ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിനുമാണ് ഇന്നലെ ഭീഷണിയുണ്ടായത്. ഇരുവിമാനങ്ങളും പുറപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് എക്സില്‍ ഭീഷണി സന്ദേശമെത്തിയത്.