ബലാത്സംഗ പരാതിയിൽ നടൻ സിദ്ദിഖിന് ആശ്വാസം :മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി
ബലാത്സംഗ പരാതിയിൽ നടൻ സിദ്ദിഖിന് ആശ്വാസമേകി മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്ന വ്യവസ്ഥയിലും പരാതി നല്‍കിയതിലെ കാലതാമസം പരിഗണിച്ചുമാണ് ജാമ്യം.
സിദ്ദിഖ് മറ്റേതെങ്കിലും കേസില്‍ പ്രതിയായിട്ടുണ്ടോയെന്ന് വാദത്തിനിടയിൽ സുപ്രീംകോടതി ആരാഞ്ഞു . പരാതി നല്കാന് വൈകിയതില്‍ സുപ്രീംകോടതി പരാതിക്കാരിയോട് വീണ്ടും വിശദീകരണം തേടിയിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷമാണ് പരാതി നല്കാന് ധൈര്യമുണ്ടായതെന്ന് അതിജീവിത മറുപടി നൽകി. ഇതിനിടയിൽ സിദ്ദിഖിനെതിരെ തെളിവുണ്ടെന്ന് എസ്ഐടിയും ആവർത്തിച്ചു. സിദ്ദിഖിനെതിരെ സാക്ഷിമൊഴികളുണ്ട്, മറ്റ് തെളിവുകളുമുണ്ടെന്നും, നടന്റെ മൊബൈല്‍ ഫോണ്‍ പരിശോധിക്കേണ്ടതുണ്ടെന്നും എസ്ഐടി സുപ്രീംകോടതിയെ അറിയിച്ചു. സുപ്രധാന തെളിവുകള്‍ സിദ്ദിഖ് നശിപ്പിച്ചുവെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
വ്യക്തിഹത്യ ചെയ്യാനാണ് പരാതിക്കാരിയുടെ ശ്രമമെന്നും തനിക്കെതിരെ പരാതി നല്‍കിയത് ഗൂഡാലോചനയുടെ ഭാഗമാണെന്നും സിദ്ദിഖ് അഭിഭാഷകന് മുഖേന സുപ്രീംകോടതിയിൽ വാദിച്ചു.അന്വേഷണ സംഘം ആവശ്യപ്പെട്ട മൊബൈല്‍ ഫോണ്‍ തന്റെ പക്കലില്ലെന്നും മറ്റു രേഖകളെല്ലാം കൈമാറിയിട്ടുണ്ടെന്നും സിദ്ദിഖ് അറിയിച്ചു.
നേരത്തെ വിശദമായ വാദം കേള്‍ക്കാനായി ബലാത്സംഗക്കേസില്‍ നടന് സിദ്ദിഖിന്റെ ഇടക്കാല മുന്‍കൂര്‍ ജാമ്യം സുപ്രീം കോടതി നീട്ടിയിരുന്നു.
ചോദ്യം ചെയ്യാന്‍ സിദ്ദിഖ് ഹാജരായോ എന്ന് എസ്ഐടിയോട് സുപ്രീംകോടതി ചോദിച്ചിരുന്നു. തുടർന്നാണ് സിദ്ദിഖ് സഹകരിക്കുന്നില്ലെന്ന് സർക്കാർ വ്യക്തമാക്കിയത്. എന്നാൽ അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറെന്ന് പറഞ്ഞ സിദ്ദിഖിൻ്റെ അഭിഭാഷകന് പരാതിക്കാരിയെ തിയേറ്ററിൽ വെച്ച് മാതാപിതാക്കള്‍ക്കൊപ്പം മാത്രമാണ് കണ്ടതെന്നും വ്യക്തമാക്കിയിരുന്നു.
സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവര്‍ത്തിച്ചിരുന്നു. ചോദ്യങ്ങളുടെ പ്രസക്തിയെന്ത് എന്നാണ് സിദ്ദിഖ് എസ്ഐടിയോട് ചോദിക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണ് എന്നായിരുന്നു സിദ്ദിഖ് കോടതിയെ നേരത്തെ അറിയിച്ചത്.കഴിഞ്ഞ ആഴ്ച ജാമ്യാപേക്ഷ പരിഗണിക്കവേ വാദം മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് സിദ്ദിഖിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം അംഗീകരിച്ച കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
പ്ലസ് ടു പഠിക്കുന്ന സമയത്താണ് സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയതെന്നും 2019ൽ തന്നെ ഇക്കാര്യം പൊതു സമൂഹത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ടെന്നും അതിജീവിത പറഞ്ഞു . പീഡനം നേരിട്ടുവെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെ സിനിമയിൽ നിന്നും മാറ്റി നിർത്തപ്പെട്ടെന്നും അവർ പറഞ്ഞിരുന്നു.2016 ജനുവരി 28നാണ് സംഭവമെന്നായിരുന്നു നടിയുടെ ആരോപണം. നിള തിയേറ്ററിൽ സിനിമ പ്രിവ്യു കഴിഞ്ഞിറങ്ങിയ ശേഷം തിരുവനന്തപുരത്തെ മസ്ക്കറ്റ് ഹോട്ടലിൽ വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ധൈര്യമില്ലാത്തത് കൊണ്ടാണ് പരാതി നല്കാന് എട്ടര വര്‍ഷം വൈകിയതെന്നായിരുന്നു അതിജീവിതയുടെ വാദം. കരിയര്‍ അവസാനിപ്പിക്കുമെന്ന് സിദ്ദിഖ് ഭീഷണിപ്പെടുത്തിയെന്നും അതിജീവിത വെളിപ്പെടുത്തിയിരുന്നു. അതേസമയം പരാതിക്കാരി ഹേമ കമ്മിറ്റിക്ക് മുന്പില് പോയിട്ടില്ല എന്ന് കോടതി വ്യക്തമാക്കി.
ജസ്റ്റിസ്മാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്. കഴിഞ്ഞ ആഴ്ച പരിഗണിച്ചപ്പോള്‍ തൊണ്ടവേദനയെ തുടര്‍ന്ന് കേസിലെ വാദം മാറ്റണമെന്ന സിദ്ധിഖിന്റെ അഭിഭാഷകന് മുകുള്‍ റോഹത്ഗിയുടെ വാദം അംഗീകരിച്ച് കേസ് മാറ്റി വക്കുകയായായിരുന്നു.സിദ്ദിഖ് അന്വേഷണത്തോടു സഹകരിക്കണമെന്നും പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു .
അന്വേഷണ സംഘത്തിനു തിരിച്ചടിയാകുന്ന തീരുമാനമാണു സുപ്രീംകോടതിയിൽ നിന്നുണ്ടായത്. സിദ്ദിഖിനു ജാമ്യം നൽകിയാൽ സമാനമായ മറ്റു കേസുകളെയും ബാധിക്കുമെന്നു സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വാദിച്ചിരുന്നു. ഈ വാദം തള്ളിയാണു കോടതിയുടെ തീരുമാനം.