നവജാത ശിശുവിന് ഗുരുതര വൈകല്യം, സ്കാനിങ്ങില്‍ കണ്ടെത്തിയില്ല; നാലു ഡോക്ടര്‍മാര്‍ക്കെതിരെ കേസ്
ഗുരുതര വൈകല്യങ്ങളോടെ ആലപ്പുഴയില്‍ നവജാത ശിശു ജനിച്ച സംഭവത്തില്‍ നാലു ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു. ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമാരായ ഡോ. ഷേര്‍ലി, ഡോ. പുഷ്പ എന്നിവര്‍ക്കെതിരെയും സ്വകാര്യ ലാബിലെ രണ്ടു ഡോക്ടര്‍മാര്‍ക്കുമെതിരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്.
നവജാത ശിശുവിന് ഗുരുതര വൈകല്യങ്ങളാണ് ഉള്ളത്. കുഞ്ഞിന്റെ ചെവിയും കണ്ണും യഥാസ്ഥാനത്തല്ല ഉള്ളത്. വായ തുറക്കുന്നില്ല. മലര്‍ത്തി കിടത്തിയാല്‍ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും. ജനനേന്ദ്രിയത്തിനും കാര്യമായ വൈകല്യമുണ്ട്. കാലിനും കൈക്കും വളവുമുണ്ട്. ഗര്‍ഭകാലത്ത് പലതവണ നടത്തിയെങ്കില്‍ സ്കാനിങ്ങില്‍ ഡോക്ടര്‍മാര്‍ വൈകല്യം തിരിച്ചറിഞ്ഞില്ല. ഇതിനെതിരെയാണ് കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.
അമ്മയുടെ പരാതിയില്‍ അന്വേഷണ മേല്‍നോട്ട ചുമതല ഡിവൈഎസ്പിക്ക് നല്‍കിയിട്ടുണ്ട്. ഗര്‍ഭകാലത്ത് കടപ്പുറം വനിത-ശിശു ആശുപത്രിയിലായിരുന്നു ചികിത്സ. പ്രസവ ശസ്ത്രക്രിയ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും. പലതവണ സ്കാന്‍ ചെയ്തിട്ടും ഗര്‍ഭസ്ഥ ശിശുവിന്റെ രൂപമാറ്റം കണ്ടെത്താനാകാത്തത് ഡോക്ടര്‍മാരുടെ വീഴ്ചയാണെന്നാണ് കുടുംബം പരാതിയില്‍ ആരോപിക്കുന്നത്.