2040ല്‍ ഇന്ത്യക്കാരെ ചന്ദ്രനിലിറക്കും;സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാനൊരുങ്ങി ഇന്ത്യ
സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാനൊരുങ്ങി ഇന്ത്യ.ലോകത്ത് ഇപ്പോള്‍ രണ്ട് ബഹിരാകാശ നിലയങ്ങളാണുള്ളത്. ഒന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയവും മറ്റൊന്ന് ചൈനയുടെ ബഹിരാകാശ നിലയവും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ കാലാവധി അവസാനിക്കാനിരിക്കെ സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാനൊരുങ്ങുകയാണ് ഇന്ത്യ.ഭാരതീയ അന്തരീക്ഷ സ്റ്റേഷന് എന്ന പേരില്‍ ഇന്ത്യന്‍ ബഹിരാകാശ നിലയം വരുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു എങ്കിലും അനുമതി ലഭിക്കാത്തതിനെ തുടർന്ന് നീണ്ടു പോവുകയായിരുന്നു . എന്നാൽ ഇപ്പോഴിതാ കേന്ദ്രസര്‍ക്കാർ അനുമതി നൽകിയിരിക്കുകയാണ്.
സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കുന്നതും പരിപാലിക്കുന്നതും വളരെ പണച്ചെലവും ശ്രമകരവുമായ കാര്യമാണ്. കേന്ദ്രസര്‍ക്കാരിന്റെ അനുമതി ഔദ്യോഗികമായി ലഭിച്ചതോടെ 2028ല്‍ നിലയത്തിന്റെ ആദ്യത്തെ മൊഡ്യൂള്‍ വിക്ഷേപിക്കാനാകുമെന്ന് പ്രതീക്ഷക്കുന്നതായി ഐഎസ്ആര്‍ഒയുടെ ഭാഗമായ സ്പേസ് ആപ്ലിക്കേഷന്‍ സെന്ററിന്റെ ഡയറക്ടര്‍ നിലേഷ് എം. ദേശായി വ്യക്തമാക്കി .
2035 ആകുമ്പോഴേക്കും ബഹിരാകാശ നിലയം പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത് . ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിനുകൂടി ഉപയോഗപ്പെടുത്താവുന്ന വിധമാകും ബഹിരാകാശ കേന്ദ്രം വരിക.2040ല്‍ ഇന്ത്യക്കാരെ ചന്ദ്രനിലിറക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.അപ്പോൾ ബഹിരാകാശ നിലയം ചന്ദ്രനിലേക്കുള്ള യാത്രക്കിടെയുള്ള ട്രാന്‍സിറ്റ് സ്റ്റേഷനായി പ്രവര്‍ത്തിക്കുമെന്നു സ്പേസ് ആപ്ലിക്കേഷന്‍ സെന്ററിന്റെ ഡയറക്ടര്‍ പറഞ്ഞു .
അഞ്ച് മൊഡ്യൂളുകളാകും ഭാരതീയ അന്തരീക്ഷ സ്റ്റേഷനുള്ളത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് 16 മൊഡ്യൂളുകളുണ്ട്.തുടര്‍ച്ചയായുള്ള ബഹിരാകാശ പദ്ധതികളാണ് ഐഎസ്ആര്‍ഒയുടെ മുന്നിലുള്ളത്. ഒപ്പം ഇന്ത്യയുടെ വീനസ് ഓർബിറ്റിംഗ് ഉപഗ്രഹമായ ശുക്രയാന് അടുത്തിടെ ഇന്ത്യൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇത് 2028-ൽ വിക്ഷേപിക്കുമെന്നും അദ്ദേഹം അറിയിച്ചു .ഭൂമിയുടെ ഇരട്ടകൾ എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന ശുക്രൻ ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹമാണ്,പല വശങ്ങളിലും ഭൂമിയോട് സാമ്യമുള്ളതായി വിശ്വസിക്കപ്പെടുന്ന ശുക്രനെക്കുറിച്ച് പഠിക്കാനാണ് ശുക്രയാന് ഉപയോഗിക്കുന്നത് . ഗ്രഹത്തിൻ്റെ ഉപരിതലം, അന്തരീക്ഷം, ഭൂമിശാസ്ത്രപരമായ ഘടന എന്നിവ വെളിപ്പെടുത്തും. ശുക്രനെ ചുറ്റിപ്പറ്റിയുള്ള ഭ്രമണപഥത്തിൽ ഉൾപ്പെടുത്തുന്നതിന്, ഗ്രഹത്തിൻ്റെ കാലാവസ്ഥാ രീതികൾ, സാധ്യതയുള്ള ഭൂമിശാസ്ത്രപരമായ പ്രവർത്തനങ്ങൾ, അന്തരീക്ഷ ഘടകങ്ങൾ എന്നിവയെക്കുറിച്ചുള്ള അവശ്യ വിവരങ്ങൾ ശേഖരിക്കാൻ പേടകം ശ്രമിക്കും. ഭൂമി രൂപംകൊണ്ട അതേ സാഹചര്യത്തിലാണ് ശുക്രനും രൂപംകൊണ്ടതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരിക്കല്‍ വാസയോഗ്യമായ സാഹചര്യമായിരുന്നു ശുക്രനിലുണ്ടായിരുന്നത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ശുക്രനേപ്പറ്റിയുള്ള അധികം വിവരങ്ങള്‍ ശാസ്ത്രലോകത്തിനില്ല. ശുക്രനിലെ സാഹചര്യങ്ങള്‍ എങ്ങനെയാണ് മാറിയതെന്ന് കണ്ടെത്തുകയാണ് ശുക്രയാന് ദൗത്യത്തിന്റെ ലക്ഷ്യങ്ങളിലൊന്ന്. മാത്രമല്ല, കൂടുതല്‍ ഉപകരണങ്ങളുപയോഗിക്കുന്ന ഗ്രഹാന്തര ദൗത്യങ്ങള്‍ക്ക് വേണ്ടിയുള്ള പരിശോധനകളും ഈ ദൗത്യം വഴി നടപ്പിലാകും..
ഇന്ത്യക്കാരെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗന്യാന് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വരും വര്‍ഷത്തില്‍ ആദ്യ പരീക്ഷണ വിക്ഷേപണം നടത്താനാകുമെന്നു കരുതുന്നതായി നിലേഷ് എം. ദേശായി വ്യക്തമാക്കി. . ഇന്ത്യൻ ശാസ്ത്രജ്ഞർ ഉപഗ്രഹങ്ങളെ ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തിക്കാൻ പദ്ധതിയിടുക മാത്രമല്ല, രണ്ട് വർഷത്തിനുള്ളിൽ വിക്ഷേപിക്കാനൊരുങ്ങുന്ന ഗഗൻയാൻ ഉപയോഗിച്ച് അതിൻ്റെ ഉപരിതലത്തിൽ ഇറങ്ങാനും ശ്രമിക്കും. ആദ്യത്തേത് ആളില്ലാ വാഹനം ആയിരിക്കും, അതിനുശേഷം മനുഷ്യനെ അയച്ചും പഠനം തുടരുമെന്നും ഡയറക്ടര്‍ അറിയിച്ചു .
ചന്ദ്രയാൻ 3 ൻ്റെ തുടർ ദൗത്യമായ ചന്ദ്രയാൻ 4, ചന്ദ്രനിൽ ഇറങ്ങുക മാത്രമല്ല, മണ്ണിൻ്റെയും പാറയുടെയും സാമ്പിളുകളുമായി മടങ്ങിയെത്തുമെന്നും അദ്ദേഹം പറഞ്ഞു.ചന്ദ്രയാൻ-4 സംയുക്ത ദൗത്യമായിരിക്കും എന്നും അടുത്ത ചന്ദ്രയാൻ ദൗത്യം ഇന്ത്യയും ജപ്പാനും തമ്മിലുള്ള സംയുക്ത പദ്ധതിയാവനാണ് സാധ്യത . അതിൽ രണ്ട് ദൗത്യങ്ങൾ ഉൾപ്പെടും. ഇന്ത്യയും ജപ്പാനും സഹകരിച്ച് ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിൽ 90 ഡിഗ്രി തെക്ക് ഇറങ്ങുന്നത് ദൗത്യത്തിൽ ഉൾപ്പെടും .ദൗത്യത്തിന് ഇതുവരെ സർക്കാരിൻ്റെ അംഗീകാരം ലഭിച്ചിട്ടില്ല. ദൗത്യത്തിൻ്റെ ഭാഗമായുള്ള റോവറിന് 350 കിലോഗ്രാം ഭാരമുണ്ടാകും, ഇത് മുൻ റോവറിനേക്കാൾ 12 മടങ്ങ് ഭാരമുള്ളതാണ്. സർക്കാരിൻ്റെ അനുമതി ലഭിച്ചാൽ ഉടൻ അതിന്റെ പ്രവർത്തനങ്ങൾ തുടങ്ങുമെന്നും സ്പേസ് ആപ്ലിക്കേഷന്‍ സെന്ററിന്റെ ഡയറക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.