ചെന്നൈയെ വെള്ളത്തിലാക്കി ഫിൻജാൽ ചുഴലിക്കാറ്റ്; 3 പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു
ശനിയാഴ്ച വൈകുന്നേരം തമിഴ്നാട്-പുതുച്ചേരി തീരത്ത് ഫിൻജാൽ ചുഴലിക്കാറ്റ് തീരംതൊട്ടതിന് പിന്നാലെ ചെന്നൈയിൽ വ്യത്യസ്ത സംഭവങ്ങളിൽ മൂന്ന് പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു. അതേസമയം, തമിഴ്നാട്ടിലും പുതുച്ചേരിയിലും കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ചുഴലിക്കാറ്റിനെ തുടർന്ന് 16 മണിക്കൂർ അടച്ചിട്ടിരുന്ന ചെന്നൈ വിമാനത്താവളം ഞായറാഴ്ച പുലർച്ചെ 4 മണിക്ക് വീണ്ടും തുറന്നെങ്കിലും സ്ഥിതിഗതികൾ സാധാരണ നിലയിലാകാൻ സമയമെടുത്തതിനാൽ വിമാനങ്ങളുടെ പ്രവർത്തനങ്ങളെ ബാധിച്ചു.
ശനിയാഴ്ച മുതൽ ചെന്നൈയിലും സമീപ ജില്ലകളിലും പുതുച്ചേരിയിലും നിർത്താതെ പെയ്യുകയാണ് മഴ. ചുഴലിക്കാറ്റ് തീരം തൊട്ടതോടെ ബസ്, ട്രെയിൻ, ഫ്ലൈറ്റ് സർവീസുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗതത്തെ ബാധിക്കുകയും ദുർബല പ്രദേശങ്ങളിൽ താമസിക്കുന്നവരെ അധികൃതർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തു.