ടി20യില്‍ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍; ലോക റെക്കോര്‍ഡിട്ട് ബറോഡ
ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോറിന്റെ ലോക റെക്കോര്‍ഡ് സ്വന്തമാക്കി ബറോഡ ടീം. സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിൽ സിക്കിമിനെതിരെ നിശ്ചിത 20 ഓവറില്‍ ടീം നേടിയത് 349 റണ്‍സ്. ഈ വര്‍ഷം ഒക്ടോബറില്‍ ഗാംബിയക്കെതിരെ സിംബാബ്വെ നേടിയ 344 റണ്‍സായിരുന്നു ഇതുവരെയുള്ള മികച്ച ടോട്ടല്‍. ഈ റെക്കോര്‍ഡാണ് ബറോഡ പഴങ്കഥയാക്കി മാറ്റിയത്.
മത്സരത്തില്‍ സിക്കിമിന്റെ പോരാട്ടം 7 വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സില്‍ അവസാനിച്ചു. 263 റണ്‍സിന്റെ കൂറ്റന്‍ ജയവും ബറോഡ ആഘോഷിച്ചു. സിക്കിമിനെതിരായി 51 പന്തില്‍ 15 സിക്സും 5 ഫോറും സഹിതം 134 റണ്‍സ് വാരി പുറത്താകാതെ നിന്ന ഭാനു പനിയയുടെ ബാറ്റിങാണ് ബറോഡയെ പടുകൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. ടീം അംഗങ്ങളെല്ലാം ചേര്‍ന്ന് 37 സിക്സുകള്‍ ആണ് അടിച്ച് കൂട്ടിയത്.
ഭാനുവിന്റെ സെഞ്ച്വറിക്കു പുറമെ അഭിമന്യു സിങ്, ശിവലിക് ശര്‍മ, വിഷ്ണു സോളങ്കി എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. 17 പന്തില്‍ 5 സിക്സും 4 ഫോറും സഹിതം അഭിമന്യു 53 റണ്‍സെടുത്തു. 17 പന്തില്‍ 6 സിക്സും 3 ഫോറും സഹിതം ശിവലിക് 55 റണ്‍സും കണ്ടെത്തി. 16 പന്തില്‍ 50 റണ്‍സാണ് വിഷ്ണു അടിച്ചെടുത്തത്. താരവും 6 സിക്സുകള്‍ തൂക്കി. 2 ഫോറും അടിച്ചു. ഓപ്പണര്‍ ശാശ്വത് റാവത്ത് 16 പന്തില്‍ നാല് വീതം സിക്സും ഫോറും സഹിതം 43 റണ്‍സ് കണ്ടെത്തി.